ന്യൂയോര്‍ക്ക്: മിനിയാപോളിസ് നഗരത്തിലെ ഇസ്ലാം മതവിശ്വാസികള്‍ക്ക് ഈ റമസാന്‍ അവിസ്മരണീയമാണ്. കോവിഡ് പ്രതിസന്ധിയുടെ നോവുകള്‍ക്കിടയിലും ഈ റമസാനിലാണ് അവര്‍ ചരിത്രത്തില്‍ ആദ്യമായി പള്ളികളില്‍ നിന്ന് ലൗഡ് സ്പീക്കറിലൂടെ നമസ്കാരത്തിനുള്ള ബാങ്കൊലി കേട്ടത്. ഇതുവരെ പള്ളിക്കകത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന ബാങ്കുവിളി ലൗഡ് സ്പീക്കറിലൂടെ ജനങ്ങളെ കേള്‍പ്പിക്കാന്‍ റമസാന്‍ തൊട്ടുമുമ്പാണ് നഗരഭരണകൂടം തീരുമാനിച്ചത്.
ജനങ്ങള്‍ അവരുടെ മതകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നുണ്ട് എന്ന് ഞങ്ങള്‍ക്ക് ഉറപ്പുവരുത്തണം. എന്നാല്‍ ഇത് ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് എതിരാകുകയും അരുത്. വീടുകളിലാണ് ആരാധന നടത്തുന്നത് എങ്കിലും നമസ്കാരത്തിനുള്ള വിളി ജനങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്തുന്നു- ഇതേക്കുറിച്ച് മിനിയാപോളിസ് മേയര്‍ ജേക്കബ് ഫ്രേ പറയുന്നതിങ്ങനെ.
മിസിസിപ്പി നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന മിനിയാപോളിസ് ധാരാളം മുസ്ലിംകളുള്ള പ്രദേശമാണ്. കോവിഡ് മഹാമാരിയില്‍ ഒറ്റപ്പെട്ടു പോയ വിശ്വാസികളെ ബാങ്ക് ഐക്യപ്പെടുത്തുമെന്ന് മത നേതാക്കള്‍ പറയുന്നു.

‘നിങ്ങള്‍ വീട്ടിലിരുന്ന് ആരാധന നടത്തൂ എന്ന് ഉറപ്പുവരുത്തുന്ന വിളി കൂടിയാണ് ബാങ്ക്. ജനം തോളോടു തോള് ചേര്‍ന്നു നിന്ന് ആരാധന നടത്തേണ്ട സമയമായിരുന്നു ഇത്. സാമൂഹിക അകലം പാലിക്കുക എന്നത് എല്ലായ്പ്പോഴും വെല്ലുവിളിയാണ്’ – അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സിലെ മിന്നെസ്റ്റോ ചാപ്റ്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജെയ്ലാനി ഹുസൈന് പറഞ്ഞു.
നഗരത്തിലെ ദാറുല്‍ ഹിജ്റ മസ്ജിദില്‍ നിന്നാണ് വ്യാഴാഴ്ച മുതല്‍ ലൗഡ്സ്പീക്കറിലൂടെ ബാങ്ക് ആരംഭിച്ചത്. അഞ്ചു നേരവും ബാങ്ക് വിളിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.