സെപ്റ്റിക് ടാങ്കിലിറങ്ങിയ നാലുപേര്‍ ശ്വാസംമുട്ടി മരിച്ചു

റായ്പൂര്‍: ചത്തീസ്ഗഡില്‍ സെപ്റ്റിക് ടാങ്കിലിറങ്ങിയ നാലുപേര്‍ ശ്വാസം മുട്ടി മരിച്ചു. സുരാജ്പൂര്‍ ജില്ലയിലെ ലതോറി ഗ്രാമത്തിലാണ് സംഭവം. രണ്ടു തൊഴിലാളികളും വീട്ടുടമയും മകനുമാണ് മരിച്ചത്. പുതുതായി നിര്‍മിച്ച സെപ്റ്റിക് ടാങ്കിലെ മരത്തടികള്‍ നീക്കം ചെയ്യാന്‍ തൊഴിലാളിയായ ജെമല്‍ കന്‍വറും (40) വീട്ടുടമയുടെ മകന്‍ ബാനു (32) വുമാണ് ആദ്യം ടാങ്കിലിറങ്ങിയത്. കുറച്ച് സമയം കഴിഞ്ഞിട്ടും ഇവരെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുടമ സത്യനാരായണ്‍ കുശ്‌വാലയും (64), മറ്റൊരു തൊഴിലാളി വിജയ് കന്‍വറും (30) ടാങ്കില്‍ ഇറങ്ങുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതോടെ ഇവര്‍ക്ക് പുറത്തിറങ്ങാനായില്ല. വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി നാലുപേരെയും പുറത്തെത്തിച്ചെങ്കിലും മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

SHARE