ലോകം നിറയെ മാജിക് ഗോള്‍, നന്ദിയോടെ സി.ആര്‍-7

മാഡ്രിഡ്:ഫുട്‌ബോള്‍ ലോകം കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ സൂപ്പര്‍ ബൈസിക്കിള്‍ ഗോള്‍ ആഘോഷമാക്കുമ്പോള്‍ മെഗാ താരം നന്ദി പറയുന്നത് യുവന്തസ് ആരാധകരോട്. ടൂറിനിലെ യുവന്തസ് മൈതാനത്ത് നടന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യ പാദത്തിന്റെ അറുപത്തി നാലാം മിനുട്ടില്‍ കൃസ്റ്റിയാനോ നേടിയ ഗോള്‍ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളായി വിലയിരുത്തപ്പെടുമ്പോള്‍ 33 കാരന്‍ പറയുന്നത് ആ ഗോളിന്റെ നന്ദി ടൂറിനിലെ യുവന്തസ് ആരാധകര്‍ക്കെന്നാണ്. റയല്‍ മാഡ്രിഡിന്റെ യു ട്യൂബ് ചാനല്‍ വഴി സംസാരിക്കവെ ആ ഗോളിന് ശേഷം ഗ്യാലറി തനിക്ക് നല്‍കിയ ആദരം ഒരിക്കലും മറക്കില്ലെന്ന് കൃസ്റ്റിയാനോ പറഞ്ഞു.

ചെറുപ്പം മുതല്‍ എനിക്ക് ഇഷ്ടമുള്ള ക്ലബാണ് യുവന്തസ്. ഞാന്‍ യുവന്തസിനായി കളിക്കുമെന്ന് പോലും ഒരു വേള ചര്‍ച്ചകളുണ്ടായിരുന്നു. ആ ഗോള്‍ നേടിയ മുഹൂര്‍ത്തത്തില്‍ ആരാധകരെല്ലാം അവരുടെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റാണ് ആദരം അറിയിച്ചത്. ആ ആദരം എന്റെ മനസ്സിലേക്കാണ് വന്നത്. ചരിത്ര പാരമ്പര്യമുള്ള ഗ്യാലറിയാണത്. എത്രയോ വലിയ മല്‍സരങ്ങള്‍ നടന്ന മൈതാനമാണത്. അവിടെ വെച്ചാണ് എനിക്ക് നല്ല ഗോള്‍ നേടാനായത്. ആതാണ് വലിയ സന്തോഷവും-അദ്ദേഹം പറഞ്ഞു. ഇന്നലെ പുറത്തിറങ്ങിയ സ്പാനിഷ് പത്രങ്ങളില്‍ നിറയെ കൃസ്റ്റിയാനോയായിരുന്നു. താങ്കള്‍ ഏത് ഗ്രഹത്തില്‍ നിന്നാണ് വന്നത് എന്ന ചോദ്യമാണ് എ.എസ് പത്രം ഒന്നാം പേജില്‍ തലക്കെട്ട് നല്‍കിയത്. എല്ലാ പത്രങ്ങളിലും ഒന്നാം പേജ് നിറയെ സൂപ്പര്‍ ഗോളിന്റെ വലിയ ചിത്രങ്ങള്‍ മാത്രമായിരുന്നു.