വില്ല്യനെ ലാലീഗയിലേക്കെത്തിക്കാനൊരുങ്ങി ബാഴ്‌സ

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന്റെ ലാലീഗയിലേക്കുള്ള മടങ്ങിവരവിന് താല്‍കാലിക വിരാമമായതോടെ ചെല്‍സി സൂപ്പര്‍ താരം വില്ല്യനെ ക്ലബിലെത്തിക്കാന്‍ ഒരുങ്ങി ബാഴ്‌സലോണ. ബ്രസീല്‍ ടീമംഗമായ 31 കാരന്റെ ഇംഗ്ലീഷ് ക്ലബിലെ പ്ലേമേക്കര്‍ കരാര്‍ അവസാനിക്കാനിരിക്കെയാണ് ബാഴ്‌സലോണ വില്ലിയന് വേണ്ടി താല്‍പ്പര്യപ്പെടുന്നതായ റിപ്പോര്‍ട്ട്. വരുന്ന വനല്‍ക്കാലത്തോടെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നിന്നും ക്യാമ്പ്‌നൗവിലേക്കുള്ള നീക്കത്തിനുള്ള വഴി തുറക്കുമെന്നാണ് ട്രാന്‍ഫര്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ബാഴ്‌സ വളരെക്കാലമായി വില്ല്യനെ ടീമിലെത്തിക്കാന്‍ ശ്രമംനടത്തിയിരുന്നു. നേരത്തെ 40 മില്യണ്‍ ഡോളര്‍ വരെ മുതല്‍ മുടക്കാന്‍ തയ്യാറായ ബാഴ്‌സ, ഇപ്പോള്‍ കരാര്‍ അവസാനിക്കുന്ന വേളയില്‍ താരത്തിന്റെ ഫ്രീ ട്രാന്‍ഫറിനായാണ് ശ്രമിക്കുന്നത്. എന്നാല്‍ വില്ല്യനെ സംബന്ധിച്ചിടത്തോളം ബാഴ്‌സയിലെത്തുന്നത് വലിയ കാര്യമാണ്. ടീമിന്റെ ആക്രമണ ശൈലി ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ബാഴ്‌സ കോച്ച് ഏര്‍നസ്‌റ്റോ വാല്‍വെര്‍ഡെ, ബയേണ്‍ മ്യൂണിക്കിലേക്ക് ലോണടിസ്ഥാനത്തില്‍ പോയ ബ്രസീല്‍ താരം കൂടിയായ ഫിലിപ്പ് കുട്ടിന്യോക്ക് പകരമായാണ് വില്ല്യനെ കാണുന്നത്.

2011 മുതല്‍ ബ്രസീല്‍ ദേശീയ ടീമിന്റെ ഭാഗമായ വില്ല്യന്‍, 2014, 2018 ലോകകപ്പ് ടീമിലും താരം അംഗമായിരുന്നു.

SHARE