‘ഇനി ഒരറിയിപ്പുണ്ടാകും വരെ കളി ഉണ്ടായിരിക്കുന്നതല്ല’…..

ശഹബാസ് അമന്‍ വെള്ളില


മലപ്പുറം: ഇടിയും മിന്നലും കൂടെ പേമാരിയും. കുട ചൂടി നില്‍ക്കുന്ന ആയിരങ്ങളുടെ കണ്ണ് മുഴുവന്‍ ചെളിയും വെള്ളവും നിറഞ്ഞ മൈതാനത്തേക്കാണ്. വര്‍ഷങ്ങളായി മുടങ്ങാതെ മലപ്പുറത്തെ മങ്കടയില്‍ നടന്നുവരുന്ന ഇടവപ്പാതി മഴക്കാല ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്. കളിക്കാരുടെ കാലുകളില്‍ ബൂട്ടില്ല. മഴ നിറഞ്ഞ മൈതാനത്ത് പൊടി പാറില്ല. പക്ഷെ, വീറും വാശിയും നിറഞ്ഞ കളിക്കാരുടെ മനസ്സിനെ തണുപ്പിക്കാനോ, ആര്‍ത്തുവിളിക്കുന്ന കാണികളെ മടുപ്പിക്കാനോ ഈ കാലവര്‍ഷ പെയ്ത്തിന് ഈ കാലം വരെ കഴിഞ്ഞിട്ടില്ല. ഇടിയും മിന്നലും മഴയുമെല്ലാം ഈ ഫുട്‌ബോള്‍ കമ്പത്തിന് മുന്നില്‍ പെയ്‌തൊഴിയുകയല്ലാതെ വെറെ രക്ഷയില്ല. മഴയില്ലെങ്കിലും ഇടവപ്പാതി ഫുട്‌ബോള്‍ ചെളിയില്‍ തന്നെ നടക്കും. അതങ്ങനെയാണ്. സന്തോഷ് ട്രോഫി താരങ്ങള്‍ വരെ ബൂട്ടില്ലാതെ ഈ ചളിയില്‍ വന്ന് കളിച്ചുപോകും. മഴയത്തും വെയിലത്തും പാടത്തും പറമ്പിലുമെല്ലാം മലപ്പുറത്ത് ഫുട്‌ബോളുണ്ട്. ഇവിടെ ഫുട്‌ബോള്‍ കമ്പത്തിന് ഫുള്‍ സ്‌റ്റോപ്പില്ല. മഴ മാറി അടുത്ത മഴവരുന്നത് വരെ മലപ്പുറത്തെ പാടങ്ങളിലെല്ലാം അഖിലേന്ത്യാ സെവന്‍സ് മത്സരങ്ങളുടെ ആരവങ്ങളാണ്. ഇതിനിടക്ക് ഫുട്‌ബോള്‍ അസോസിയേഷന്റെ ഡിവിഷന്‍ മത്സരങ്ങളും മറ്റു ചാമ്പ്യന്‍ഷിപ്പുകളും. നാട്ടിന്‍പുറങ്ങളില്‍ രാത്രിയും പകലും നീണ്ടുനില്‍ക്കുന്ന പ്രാദേശിക മത്സരങ്ങള്‍. ലൈറ്റ് ഓഫാക്കാന്‍ സമയം കിട്ടാത്ത ടര്‍ഫ് ഗ്രൗണ്ടുകള്‍. ഇവിടത്തെ ഫുട്‌ബോള്‍ കലണ്ടര്‍ ഇങ്ങനെയൊക്കെയാണ്. ആയിരുന്നു എന്ന് വേണം പറയാന്‍. കൊറോണ ഭീതിയില്‍ നാടാകെ ജാഗ്രതയായപ്പോള്‍ മലപ്പുറത്തെ ഫുട്‌ബോളും നിലച്ചു. മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചു. അഖിലേന്ത്യാ ഫുട്‌ബോള്‍ മത്സരങ്ങളും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ ഡിവിഷന്‍ മത്സരങ്ങളും ഇടക്കുവെച്ച് നിര്‍ത്തി. നാട്ടിന്‍ പുറങ്ങളിലെ വൈകുന്നേര പന്തുകളിയും മുടങ്ങി. പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ അവധി സമയത്താണ് കൂടുതല്‍ മത്സരങ്ങള്‍ മലപ്പുറത്ത് നടക്കുന്നത്. ഇത്തവണ ഇതെല്ലാം പ്രതിസന്ധിയിലായി. നിരവധി അവധിക്കാല ഫുട്‌ബോള്‍ പരിശീലന ക്യാമ്പുകളും മലപ്പുറത്ത് നടക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതൊന്നും തന്നെ വേണ്ടന്ന തീരുമാനത്തിലാണ്. കൊറോണയെ പ്രതിരോധിക്കാന്‍ മലപ്പുറം ഫുട്‌ബോളിനെ വരെ ത്യജിച്ചു എന്നു വേണം പറയാന്‍.
”ഇനി ഒറിയിപ്പുണ്ടാകുന്നത് വരെ ഈ ഗ്രൗണ്ടില്‍ കളി ഉണ്ടായിരിക്കുന്നതല്ല.” രണ്ടു സെമിയും ഫൈനലും ബാക്കിയാക്കി കളി നിര്‍ത്തേണ്ടി വന്ന മലപ്പുറം കിഴക്കേത്തലയിലെ ടൂര്‍ണ്ണമെന്റ് കമ്മിറ്റിയുടെ അറിയിപ്പാണ് മൈക്കിലൂടെ കേട്ടത്.

ആളനക്കമില്ലാത്ത ഫുട്‌ബോള്‍ മൈതാനങ്ങള്‍
പണിയെല്ലാം കഴിഞ്ഞ് ഓടികിതച്ച് ഗ്രൗണ്ടിലെത്തിയതാണ്. നേരം വൈകിയാല്‍ പുറത്തിരിക്കേണ്ടി വരും. പക്ഷെ വന്നത് വെറുതെയായോ. എന്താ ഗ്രൗണ്ടില്‍ ആരെയും കാണുന്നില്ല. ചങ്ങായിക്ക് വിളിച്ച് നോക്കിയപ്പോഴാണ് സംഗതി കത്തിയത്. കോവിഡ് ജാഗ്രതയുടെ ഭാഗമായി കൂട്ടം കൂടുന്നതെ ഒഴിവാക്കിയതാണല്ലോ. വൈകുന്നേരത്തെ ഫുട്‌ബോളും നിന്നു. ഉള്ളില്‍ സങ്കടമുണ്ടെങ്കിലും പുറമെ ചിരിച്ച് കൊണ്ട് ബുട്ടും കൈയിലെടുത്ത് വീട്ടിലേക്ക് തിരിച്ച് നടക്കാനുള്ള ഒരുക്കത്തിലാണ് സല്‍മാന്‍. മലപ്പുറത്തെ മിക്ക ഫുട്‌ബോള്‍ മൈതനങ്ങളൊക്കെ ഇപ്പോ ഇങ്ങനെയാണ്. പേടിയല്ല ജാഗ്രത തന്നെ. ”ലോകോത്തര കളികള്‍ വരെ താളം തെറ്റിയില്ലേ. ഇത് കുറച്ച് ദിവസത്തേക്ക് മാത്രം. ഗ്രൗണ്ടില്‍ വീണ്ടും പൊടിപാറും..മെസ്സിയും റോണാള്‍ഡയും റെസ്റ്റിലല്ലേ, ഞങ്ങളും ഒന്നു റെസ്റ്റ് എടുക്കട്ടെ” തിരിച്ചു നടക്കുന്നതിനിടെ സല്‍മാന്‍ പറഞ്ഞു.

”ഫുട്‌ബോള്‍ പോലും ഒഴിവാക്കി മലപ്പുറം” സൂപ്പര്‍ അഷറഫ്
”കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മലപ്പുറം ഫുട്‌ബോള്‍ വരെ ഒഴിവാക്കി എന്നു പറഞ്ഞാല്‍ മലപ്പുറം രണ്ടും കല്‍പ്പിച്ച് തന്നെയാണ്” പഴയ കാല ഫുട്‌ബോള്‍ താരവും ഫുട്‌ബോള്‍ സംഘാടകനുമായ സൂപ്പര്‍ അഷറഫിന്റെ വാക്കുകള്‍. ചരിത്രത്തില്‍ മുമ്പെങ്ങും കേട്ടിടില്ലാത്ത രീതിയിലാണ് കാര്യങ്ങളെല്ലാം. കോവിഡിനെ തുരത്താന്‍ മലപ്പുറത്തുകാര്‍ ഫുട്‌ബോളും മാറ്റിവെച്ചു. അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകളും ഡിവിഷന്‍ മത്സരങ്ങളുമെല്ലാം നിര്‍ത്തി. ജാഗ്രതയുടെ ഭാഗമാണെങ്കിലും കളി നടക്കാത്ത മൈതാനങ്ങള്‍ സങ്കടകരമാണ്. മലപ്പുറത്തെ അപൂര്‍വ്വ കാഴ്ച്ച. ഇതിന് മുന്നെ ഇങ്ങനെ ഒരു കാലം ഓര്‍മ്മയിലില്ല. സാമ്പത്തികമായി വലിയ നഷ്ടവും ടൂര്‍ണ്ണമെന്റ് കമ്മിറ്റികള്‍ നേരിടും. പല ടൂര്‍ണ്ണമെന്റുകളും വലിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്.

SHARE