ഹെഡ്ഡര്‍ കളിക്കാര്‍ക്ക് അപകടം; ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് പുതിയ പഠനം

ന്യൂയോര്‍ക്ക്: ഫുട്‌ബോള്‍ പ്രേമിയുടെ മനസ്സില്‍ എന്നും തങ്ങിനില്‍ക്കുന്ന സുന്ദരമായ ഗോളുകളില്‍ ഒന്നാണ് കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ സ്‌പെയ്‌നെതിരായ മത്സരത്തില്‍ ഹോളണ്ട് നായകന്‍ റോബിന്‍ വാന്‍ പേഴ്‌സി നേടിയ സൂപ്പര്‍ ഹെഡ്ഡര്‍ ഗോള്‍. ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെതിരെ സൂപ്പര്‍താരം ക്രിസ്റ്റിയനോ റൊണാള്‍ഡോയുടെ ഉയരത്തില്‍ ചാടി നേടിയ ഹെഡ്ഡര്‍ ഗോള്‍ ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചക്ക് വഴിയൊരുക്കിയിട്ടുണ്ട്. എന്നാല്‍ പുതിയ പഠന റിപ്പോര്‍ട്ടു പ്രകാരം കാല്‍പന്തുകളിയിലെ തലപ്രയോഗം കളിക്കാരുടെ തലച്ചോറിന് വലിയ തോതില്‍ പരിക്കിനിടായാക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അമേരിക്കയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഓഫ് മെഡിനിന്‍ കോളേജ് 380 അമേച്വര്‍ കളിക്കാരില്‍ നടത്തിയ പരീക്ഷണത്തിലാണ് ഹെഡ്ഡറുകള്‍ കളിക്കാരിലുണ്ടാക്കുന്ന അപകടം എത്രത്തോളമെന്ന കാര്യം വ്യക്തമായിരിക്കുന്നത്. ബോധപൂര്‍വ്വവും അല്ലാത്തതുമായ ഹെഡ്ഡറുകള്‍ കളിക്കാരുടെ മസ്തിഷ്‌കത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിക്കിന് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തല്‍. പ്രൊഫസര്‍ മിച്ചല്‍ ലിപ്ടണിന്റെ നേതൃത്വത്തില്‍ നടന്ന പഠനം ന്യൂയോര്‍ക്കിലെ ‘ഫ്രണ്ടിയര്‍ ഓഫ് ന്യൂറോളജി’ എന്ന ജേണലിലാണ് ഹെഡ്ഡര്‍ കളിക്കാരുടെ ആരോഗ്യത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നയെന്ന റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചത്

മത്സരത്തിനിടെ കളിക്കാര്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടാവുന്ന പരിക്കിനേക്കാള്‍ വലിയതാവാം ഹെഡ്ഡറിലൂടെ ഉണ്ടാവുന്ന പരിക്കെന്നും പഠനത്തില്‍ പറയുന്നു. ഹെഡര്‍ കൂടുതല്‍ ചെയ്യുന്ന കളിക്കാരില്‍ മറ്റു കാര്യങ്ങളിലുള്ള ശ്രദ്ധ കുറഞ്ഞു വരുന്നതായും ഇവരുടെ ഓര്‍മ ശക്തി താല്‍കാലിമായി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായേക്കാമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

SHARE