വന്യജീവികള്‍ ഉല്‍ക്കാടുകളിലേക്ക് നീങ്ങുകയാണ്; കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കിയാല്‍ കേസ് എടുക്കുമെന്ന് വനംവകുപ്പ്

താമരശ്ശേരി: വനാതിര്‍ത്തിയിലെ റോഡുകളില്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന നിര്‍ദ്ദേശവുമായി വനം വകുപ്പ്. കോവിഡ് -19 നുമായി ബന്ധപ്പെട്ടു സന്നദ്ധ സംഘടനകളും മറ്റും വന്യ ജീവികളായ വാനരന്മാര്‍ക്കും മറ്റും ഭക്ഷണം നല്‍കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പുമായി താമരശ്ശേരി റൈഞ്ച് ഫോറസ്റ്റ് ഓഫീസ് രംഗത്തെത്തിയത്.

താമരശ്ശേരി റൈഞ്ചിലെ വനമേഖലയില്‍ പെട്ടതും ദേശീയപാത 212 ന്റെ ഭാഗമായ വയനാട് ചുരം ഭാഗങ്ങളില്‍ കോവിഡ് -19 നുമായി ബന്ധപ്പെട്ടു സന്നദ്ധ സംഘടനകളും മറ്റും വന്യ ജീവികളായ വാനരന്മാര്‍ക് ഭക്ഷണം നല്‍കിയതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തിലും വന്യജീവികള്‍ക്ക് ഭക്ഷണം നല്‍കുന്നത് കുറ്റകരമാണെന്നും ഈ സാഹചര്യത്തില്‍ വന്യജീവികള്‍ക്ക് ഭക്ഷണം നല്‍കിയാല്‍ 1972 ലെ ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസ് എടുക്കുന്നതാണെന്നും താമരശ്ശേരി റൈഞ്ച് ഓഫീസര്‍ സുധീര്‍ നെരോത്ത് അറിയിച്ചു.

കൃത്രിമ ഭക്ഷണ രീതിമൂലം വന്യജീവികള്‍ക്ക് രോഗംവരാനുള്ള സാധ്യത ഉള്ളതിനാലാണ് പുറമെനിന്നുള്ള ഭക്ഷണം വിലക്കുന്നത്. അതേസമയം, റോഡില്‍ ആള്‍വരുത്ത് കുറഞ്ഞതോടെ ചുരത്തില്‍ ഉള്ള കുരങ്ങുകള്‍ ഉല്‍ക്കാടുകളിലേക്ക് മാറി കൊണ്ടിരിക്കുകയാണെന്നും വനംവകുപ്പ് വ്യക്തമാക്കി.

മൃഗങ്ങള്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കണമെന്ന സര്‍ക്കാര്‍ അറിയിപ്പിന് പിന്നാലെ പൊതുജന പങ്കാളിത്തത്തോടെ വിവിധ വനമേഖലകളിലും വാനരന്‍മാര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മനുഷ്യരെപ്പോലെ മൃഗങ്ങള്‍ക്കും വിശപ്പുണ്ടെന്ന് തിരിച്ചറിവില്‍ നിന്നും പൊതുജനപങ്കാളിത്തത്തോടെ പഴവര്‍ഗ്ഗങ്ങളും മറ്റ് ഭക്ഷണ സാധനങ്ങളും ശേഖരിച്ച് വനമേഖലയിലെ വാനരന്‍മാര്‍ക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് വരെ ഭക്ഷണം നല്‍കി.

നില്‍വില്‍ ദേശീയപാതയിലൂടെ എത്തുന്ന സഞ്ചാരികള്‍ വച്ച് നീട്ടുന്ന ഭക്ഷണ സാധനങ്ങളായിരുന്നു വനമേഖലയിലെ വാനരന്‍മാരുടെ പ്രിയ ഭക്ഷണം. എന്നാല്‍ സഞ്ചാരികളുടെ വരവ് കുറയുകയും വഴിയോരകച്ചവടക്കാര്‍ കച്ചവടം അവസാനിപ്പിക്കുകയും ചെയ്തതോടെ വാനരന്‍മാര്‍ പട്ടിണിയിലായെന്നാണ് ഭക്ഷണം നല്‍കുന്നവര്‍ ഉന്നയിക്കുന്ന വാദം.

അതേസമയം, വനമേഖലയിലെ സഞ്ചാരികള്‍ മൃഗങ്ങള്‍ ഭക്ഷണം വച്ച് നീട്ടുന്നത് നിലവില്‍ ശിക്ഷാര്‍ഹമാണ്.