സിന്ധ്യയുടെ ബിജെപി പ്രവേശനം; പ്രതികരണവുമായി പ്രമുഖര്‍

ന്യൂഡല്‍ഹി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി ബിജെപിയുമായി കൈക്കോര്‍ത്ത മധ്യപ്രദേശിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ നിലപാടില്‍ പ്രതികരണവുമായി പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ രംഗത്ത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയാണ് സിന്ധ്യ ബിജെപിയുമായ കൈകോര്‍ത്തത്. മോദിയെയും അമിത് ഷായെയും സന്ദര്‍ശിച്ച ഉടനെയാണ് രാജിക്കത്ത് കൈമാറിയതെന്നാണ് വിവരം. മോദിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച്ചയില്‍ കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരിക്കുന്നതായി സൂചന. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് സിന്ധ്യയെ പുറത്താക്കിയതായി കോണ്‍ഗ്രസ് വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രംഗത്തെത്തി. ബി.ജെ.പിയുമായി കൈകോര്‍ക്കുന്നത് ജനങ്ങളോട് വിശ്വാസ വഞ്ചന കാണിക്കുന്നതിന് തുല്യമെന്നാണ് അശോക് ഗെഹ്‌ലോട്ട് വിമര്‍ശിച്ചത്.

രാജ്യത്തെ പ്രതിസന്ധിയിലേക്കെത്തിച്ച സമയത്ത് ബിജെപിയുമായി കൈകോര്‍ക്കുന്ന രീതി നേതാക്കളുടെ തീരാത്ത ആത്മാഭിലാഷങ്ങളുടെ ആഴത്തെയാണ് തുറന്നുകാട്ടുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, ജനാധിപത്യ സ്ഥാപനങ്ങള്‍ം തുടങ്ങി പൊതുമേഖല, ജുഡീഷ്യറി തുടങ്ങിയവയെ ബിജെപി ഭരണകൂടം നശിപ്പിക്കുന്ന സമയത്ത് പ്രത്യേകിച്ചും. സിന്ധ്യ നിങ്ങള്‍ ജനങ്ങളുടെ വിശ്വാസത്തെയും പ്രത്യയശാസ്ത്രത്തെയുമാണ് വഞ്ചിച്ചത്. വോട്ടു ചെയ്ത ജനങ്ങളോട് സിന്ധ്യ വിശ്വാസവഞ്ചന കാണിച്ചെന്നും അധികാരം മാത്രമാണ് അവരുടെ ചിന്തയെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. അധികാരമില്ലാതെ വളരാന്‍ സാധിക്കുകയില്ലെന്നാണ് ഇത്തരത്തിലുള്ള ആളുകള്‍ കരുതുന്നത്. മികച്ചത് ലഭിക്കാന്‍ താമസിയാതെ അവര്‍ വീണ്ടും ഉപേക്ഷിക്കും, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

സാധാരണയായി കോണ്‍ഗ്രസിനെ നയിക്കുന്ന ഗാന്ധികളാണെന്ന കുറ്റം കണ്ടെത്തി കോണ്‍ഗ്രസിനെതിരെ പറയുന്നവരുടെ പേരുകളില്‍ സിന്ധ്യ എന്ന കുടുംബപ്പേര് കണ്ടെത്തുന്നു എന്നത് അതിശയകരമാണ്. ഇപ്പോള്‍ ജ്യോതിരാധിത്യ സിന്ധ്യയിലും അത് കാണുന്നു, പ്രുമുഖ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രഷാന്ത് കിഷോര്‍ പരിഹസിച്ചു. ട്വിറ്ററിലാണ് കിഷോറിന്റെ പ്രതികരണം. സിന്ധ്യ ഒരു ജനപിന്തുണയുള്ള നേതാവോ രാഷ്ട്രീയ സംഘടാടകനോ മികച്ച ഭരണാധികാരിയോ അല്ലെന്നും പ്രശാന്ത് കിഷോര്‍ കുറിച്ചു.

സിന്ധ്യയുടെ ബിജെപി പ്രവേശനം അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ ട്വിറ്ററില്‍ കുറിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയോടും അതിന്റെ നേതൃത്വത്തോടും ഉള്ള സിന്ധ്യയുടെ നിരാശ എനിക്ക് മനസിലാക്കാന്‍ കഴിയും,
എന്നാല്‍ ബിജെപിയില്‍ ചേരുന്നതിലൂടെ അയാള്‍ കാണിക്കുന്നത് തീര്‍ത്തും അവസരവാദവും അനീതിപരമായ പെരുമാറ്റവുമാണ്. ഇത് അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്, ്രപ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തു.

ബിജെപിക്ക് എന്തായാലും ധാര്‍മ്മികതയില്ല. അധികാരത്തിലിരിക്കാന്‍ ആവശ്യമായതെല്ലാം അവര്‍ ചെയ്യുകയാണെന്നും എന്നാല്‍ കോണ്‍ഗ്രസില്‍ വലിയ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും സോഷ്യല്‍മീഡിയയിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ ദ്രുവ് രത്തെ അഭിപ്രായപ്പെട്ടു.

നേതൃത്വവും മാര്‍ഗനിര്‍ദേശവുമില്ലാതെയാണ് കോണ്‍ഗ്രസ് നീങ്ങുന്നത്. എംഎല്‍എമാര്‍ അകന്നുപോയതും കലഹിക്കുന്നതും കാരണം അവര്‍ക്ക് രണ്ട് വലിയ സംസ്ഥാനങ്ങളാണ് നഷ്ടപ്പെടുന്നത്. ഇങ്ങനെയാണെങ്കില്‍ അവര്‍ക്ക് എങ്ങനെ ഒരു രാജ്യം നിയന്ത്രിക്കാന്‍ കഴിയും? പാര്‍ട്ടിക്കുള്ളില്‍ വലിയ പരിഷ്‌കാരങ്ങള്‍ അവര്‍ക്ക് ആവശ്യമാണ്. ബിജെപിക്ക് എന്തായാലും ഒരു ധാര്‍മ്മികതയുമില്ല. അധികാരത്തിലിരിക്കാന്‍ ആവശ്യമായതെല്ലാം അവര്‍ ചെയ്യുകയാണ്, ദ്രുവ് രത്തെ ട്വീറ്റ് ചെയ്തു.

ഇത്തരം വേലിചാടുകളാല്‍ ആരും കരുതുന്നതുപോലെ കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമാകില്ല.
പാര്‍ട്ടി പ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരുമാണ് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ ശക്തി. ദൃഢമായും സുതാര്യമായും പാര്‍ട്ടി പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുകന്നവരാണവര്‍. ഇത് പരിപോഷിപ്പിക്കാനും ശാക്തീകരിക്കാനും പാര്‍ട്ടിക്ക് ഇനിയും കൂടുതല്‍ ചെയ്യേണ്ടതുണ്ട്.

ജനാധിപത്യത്തില്‍ ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കപ്പെടുക മാത്രമല്ല പാര്‍ട്ടി പ്രവര്‍ത്തനം.
അവര്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കുകയും സാമുദായിക തലത്തില്‍ ആളുകളെ ഭിന്നിപ്പിക്കുകയും ചെയ്യുമ്പോള്‍. ഒരാളുടെ വ്യക്തിപരമായ ആഗ്രഹത്തിനുവേണ്ടിമാത്രം ഭിന്നിപ്പിക്കുന്ന ശക്തികളുമായി മനപൂര്‍വ്വം കൈകോര്‍ക്കുന്നത് അപമാനമാണ്. മധ്യപ്രദേശിലെയും ഇന്ത്യയിലെയും ജനങ്ങളോടുള്ള ചെയ്യുന്ന ഏറ്റവും വലിയ അപമാനമാണിത്, കോണ്‍ഗ്രസ് ദേശീയ കണ്‍വീനറും സോഷ്യല്‍മീഡയ വിങുമായ രുചിര ചതുര്‍വേദി ട്വീറ്റ് ചെയ്തു.