പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ തട്ടിപ്പ്: സിപിഎം നേതാവ് അറസ്റ്റില്‍

കൊച്ചി: പ്രളയ ദുരിതാശ്വാസ ക്യാമ്പിന്റെ പേരില്‍ പണം പിരിവ് നടത്തിയ സിപിഎം നേതാവ് അറസ്റ്റില്‍. എറണാകുളം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ സി.എ നിഷാദിനെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയാണ് സിപിഎം നേതാവിനെതിരെ കേസ് എടുക്കാന്‍ ഉത്തരവിട്ടത്. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

2018-ലെ ആദ്യ പ്രളയ സമയത്ത് കൊല്ലം കുടിമുകളില്‍ നടത്തിയ ക്യാമ്പിന്റെ പേരില്‍ വിദേശത്തുള്ള സുഹൃത്തുക്കളില്‍ നിന്ന് പണം പിരിച്ച സംഭവത്തിലാണ് തൃക്കാക്കര പോലീസ് നിഷാദിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. ദുരിതാശ്വാസ ക്യാമ്പിനായി വ്യക്തികള്‍ നേരിട്ട് പണം സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശം നിലനില്‍ക്കെയാണ് നഗരസഭ കൗണ്‍സിലര്‍ കൂടിയായ നിഷാദ് വാട്‌സാപ്പ് കൂട്ടായ്മ ഉണ്ടാക്കി പണം പിരിച്ചത്.

പൊതു പ്രവര്‍ത്തകനായ മാഹിന്‍കുട്ടി നല്‍കിയ പരാതിയില്‍ കാക്കനാട് മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദശ പ്രകാരം ഐപിസി 406, 417, 420 വകുപ്പുകള്‍ ചേര്‍ത്ത് തൃക്കാക്കര പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് നിഷാദ് ജില്ലാ കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടിയത്. കൊവിഡ് പശ്ചാത്തലത്തില്‍ അന്വഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും അറസ്റ്റ് ചെയ്താല്‍ ജാമ്യം അനുവദിക്കാനും ജില്ലാ കോടതി ഉത്തരവിട്ടിരുന്നു.

ഇതേ തുടര്‍ന്നാണ് ചോദ്യം ചെയ്യലും അറസ്റ്റും പൂര്‍ത്തിയാക്കി പ്രതിയെ ജാമ്യത്തില്‍ വിട്ടത്. നിഷാദിന്റെയും ബന്ധുക്കളുടേയും അക്കൗണ്ട് വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ച് വരികയാണ്. മാത്രമല്ല 2018 ഓഗസ്റ്റില്‍ നിഷാദ് നടത്തിയ ബാങ്ക് ഇടപാടുകളുടെ മുഴുവന്‍ രേഖകളും പോലീസ് ശേഖരിക്കുന്നുണ്ട്.

സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയ പണ്ട് തട്ടിപ്പ് കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. ഒരു കോടി എണ്‍പത്തി ആറായിരം രൂപയുടെ തട്ടിപ്പിന്റെ വിശദാംശങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എംഎം അന്‍വര്‍, ഭാര്യ കൗലത്ത് അന്‍വര്‍ എന്നിവര്‍ പ്രതി ചേര്‍ക്കപ്പെട്ടതിന് പിറകെ ഒളിവില്‍ പോയിരിക്കുകയാണ്.

SHARE