പ്രളയപ്പേടിയില്‍ നിന്ന് പകര്‍ച്ചവ്യാധിയിലേക്ക്


റവാസ് ആട്ടീരി

പ്രളയ ദുരന്തത്തിന്റെ കണ്ണീര്‍ക്കയത്തില്‍ നിന്ന് കരകയറിത്തുടങ്ങുന്ന കേരളത്തിന് പുതിയ ഭീഷണിയായി പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുകയാണ്. പ്രളയം തൂത്തെറിഞ്ഞ പ്രദേശങ്ങള്‍ മാത്രമല്ല, കാലവര്‍ഷം കലിതുള്ളാത്തിടങ്ങള്‍ പോലും മഹാമാരികളുടെ നീരാളിക്കൈകളില്‍ കുടുങ്ങിയിരിക്കുകയാണ്. വനിതാ ശിശു വികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതി തലസ്ഥാനത്ത് ഉദ്ഘാടനം നിര്‍വഹിച്ച് കഴിഞ്ഞദിവസം സംസ്ഥാനത്തിന്റെ ആരോഗ്യ വളര്‍ച്ചയില്‍ അഭിമാനംകൊണ്ട മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയാണ് നൂറുകണക്കിന് പേര്‍ പനി ബാധിച്ച് ചികിത്സക്കെത്തിയത്. മെഡിക്കല്‍ കോളജുകള്‍ മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍വരെ ദിനംപ്രതി ആയിരക്കണക്കിന് പനിബാധിതരെകൊണ്ട് വീര്‍പ്പുമുട്ടുമ്പോള്‍ നിസ്സംഗത തുടരുന്ന സര്‍ക്കാര്‍ പാവപ്പെട്ട ജനങ്ങളോട് മാപ്പര്‍ഹിക്കാത്ത പാതകമാണ് ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം മഹാപ്രളയാനന്തരം പടര്‍ന്നുപിടിച്ച പകര്‍ച്ചവ്യാധികളില്‍നിന്നു പാഠം പഠിക്കാത്ത പിണറായി സര്‍ക്കാര്‍ ഉദാസീനത വിട്ട് ഉണര്‍ന്നെണീക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ക്രിയാത്മക നടപടികളിലൂടെയും കൃത്യമായ ബോധവത്കരണത്തിലൂടെയും പകര്‍ച്ചവ്യാധിക്കെതിരെ പടപൊരുതേണ്ട ആരോഗ്യ വകുപ്പ് പ്രളയക്കുളിരില്‍ പുതച്ചുമൂടി കിടന്നുറങ്ങുംപോലെ നിഷ്‌ക്രിയമാകുന്നത് എത്രമേല്‍ അപകടകരമാണ്. വാചകക്കസര്‍ത്ത്‌കൊണ്ട് ആരോഗ്യ മേഖലയെ വെള്ളപൂശി കൊണ്ടുനടക്കുകയല്ലാതെ വകുപ്പ് മന്ത്രി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്? മഹാമാരികള്‍ മനുഷ്യജീവന്‍ കവര്‍ന്നെടുക്കുമ്പോള്‍ മാറത്തടിച്ചു വിലപിക്കുന്ന മന്ത്രിയെയല്ല വേണ്ടത്. നിപ വൈറസിനുമുമ്പില്‍ പതറിപ്പരിഭ്രമിച്ച ഭരണകൂടത്തിന്റെ നിസ്സഹായതക്ക് നിരവധി ജീവനുകളാണ് ബലികൊടുക്കേണ്ടിവന്നത്. കണ്ടുപഠിക്കേണ്ട സര്‍ക്കാര്‍ കൊണ്ടും പഠിക്കാതിരുന്നാല്‍ ആരോഗ്യ കേരളം അത്യാഹിതത്തിലകപ്പെടുമെന്ന കാര്യം തീര്‍ച്ച.

കാലവര്‍ഷം കനക്കുംമുമ്പ്തന്നെ കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ പിടിമുറിക്കിത്തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ സംസ്ഥാനത്ത് 29 പേര്‍ക്ക് ചിക്കുന്‍ഗുനിയ സ്ഥിരീകരിച്ചിരുന്നു. 189 പേര്‍ എലിപ്പനി ബാധിതരായതില്‍ ഏഴു പേര്‍ മരിക്കുകയും ചെയ്തു. എട്ടു പേര്‍ക്ക് സ്‌ക്രബ് ടൈഫസ് എന്ന അപൂര്‍വ ഇനം രോഗവും ബാധിച്ചിരുന്നു. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളില്‍നിന്നാണ് ഏറെക്കാലമായി ശമിച്ചുവെന്ന് കരുതിയിരുന്ന ചിക്കുന്‍ഗുനിയ തലപൊക്കിയത്. തിരുവനന്തപുരം ജില്ലയില്‍ 72 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനിക്കൊപ്പം എച്ച് വണ്‍ എന്‍ വണ്ണും സംസ്ഥാനത്ത് പടരുന്നതായി ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. അടുത്ത ദിവസമാണ് കൊല്ലത്ത് എച്ച് വണ്‍ എന്‍ വണ്‍ വൈറസ് ബാധിച്ച് യുവതി മരിച്ചത്. രണ്ടു മാസത്തിനിടെ പകര്‍ച്ചവ്യാധികള്‍ കാരണം നൂറോളം പേരാണ് മരണത്തിന് കീഴടങ്ങിയത്.

പ്രളയബാധിത മേഖലകളില്‍ എലിപ്പനിയും മഞ്ഞപ്പിത്തവും വ്യാപകമായി പടര്‍ന്നുപിടിക്കുന്നുണ്ട്. എലിപ്പനിയാണ് നിലവില്‍ പ്രധാന വില്ലനെങ്കിലും എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപ്പനി എന്നിവയും മരണപ്പേടി വിതയ്ക്കുന്നുണ്ട്. ഒറ്റപ്പെട്ട മരണങ്ങളായതുകൊണ്ട് ആരോഗ്യവകുപ്പ് അടിയന്തര നടപടികള്‍ കൈക്കൊള്ളുന്നില്ല എന്നതാണ് പ്രധാന ആക്ഷേപം. പ്രളയാനന്തര ശുചീകരണ ഘട്ടത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പകര്‍ച്ചവ്യാധി പടര്‍ന്നുപടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും മരുന്നുകളുടെ ക്ഷാമവും മേല്‍നോട്ടക്കുറവും മരണനിരക്ക് വര്‍ധിപ്പിക്കാനിടയാക്കിയിട്ടുണ്ട്. പ്രതിരോധ മരുന്നുകള്‍ക്ക് രൂക്ഷമായ ക്ഷാമം നേരിടുന്നുവെന്ന് ബോധ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നിസംഗത പാലിക്കുന്നതാണ് സ്ഥിതി വഷളാക്കുന്നത്. പകര്‍ച്ചവ്യാധികള്‍ കാരണം മരണം പെരുകുന്നത് പൊതുജനങ്ങളെ ആശങ്കാകുലരാക്കിയിട്ടുണ്ട്.

എലിപ്പനിയും ഡിഫ്തീരിയയും ഡെങ്കിപ്പനിയും എച്ച് വണ്‍ എന്‍ വണ്ണും സാധ്യതയുള്ള നൂറുകണക്കിന് രോഗികളാണ് സര്‍ക്കാര്‍-സ്വകാര്യ ആസ്പത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. സര്‍ക്കാര്‍ ആസ്പത്രികളിലെ രോഗികള്‍ മാത്രമാണ് സര്‍ക്കാറിന്റെ കണക്കുകളില്‍ ഉള്‍പ്പെടുന്നത്. നിരവധി പേര്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്വകാര്യ ആസ്പത്രികളില്‍ വിദഗ്ധ ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നുണ്ട്. സംസ്ഥാനത്ത് ഡെങ്കിപ്പനി പരത്തുന്ന വൈറസുകള്‍ക്ക് വകഭേദമുണ്ടാകുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാത്തത് വിനയായിട്ടുണ്ട്. നിലവില്‍ പടര്‍ന്നുപിടിക്കുന്ന ഡെങ്കി ഹെമറേജ് ഫിവറും ഡെങ്കി ഷോക് സിന്‍ഡ്രോമും ഇതിന്റെ ഭാഗമാണെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. ഡെങ്കിപ്പനി ലക്ഷണത്തിനൊപ്പം രക്തസമ്മര്‍ദം അപകടകരമാംവിധം കുറയുന്നതും ആന്തരിക രക്തസ്രാവം ഉണ്ടാകുന്നതുമാണ് നിലവില്‍ കണ്ടുവരുന്നത്.

പനി, തലവേദന, സന്ധിവേദന, തൊലിപ്പുറത്ത് പൊള്ളല്‍ തുടങ്ങിയ സാധാരണ ലക്ഷണങ്ങളോടെ തുടങ്ങുന്ന രോഗം വൈകാതെ മൂര്‍ധന്യതയിലെത്തുകയാണ് പതിവ്. രക്തത്തില്‍ പ്ലേറ്റ്‌ലറ്റ് എണ്ണം ക്രമാതീതമായി കുറഞ്ഞുവരുന്നതിനാല്‍ രോഗിയെ പൂര്‍വാരോഗ്യ സ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരിക ശ്രമകരമായ ദൗത്യമാണ്. കഴിഞ്ഞ വര്‍ഷം മഹാപ്രളയ സമയത്തും ഡെങ്കി വൈറസുകള്‍ വ്യാപകമായി പടര്‍ന്നുപിടിച്ചതിനാല്‍ പ്രതിരോധ പ്രവര്‍ത്തനം സങ്കീര്‍ണമാക്കുമെന്നതാണ് ഗൗരവകരമായ കാര്യം. ഒന്നില്‍ കൂടുതല്‍ തവണ ഡെങ്കിപ്പനി ബാധിച്ചവരുടെ ശരീരത്തില്‍ നിലവിലുള്ള ഡെങ്കി വൈറസിനൊപ്പം ഡെങ്കി വൈറസിന്റെ സീറോ ടൈപ്പു കൂടി എത്തുന്നതായാണ് നിലവിലത്തെ പ്രതിസന്ധി. ഇത് അത്യന്തം അപകടകരമാണെന്നാണ് ആരോഗ്യ വകുപ്പ് അഭിപ്രായപ്പെടുന്നത്. ആന്തരിക രക്തസ്രാവത്തിനും അതുവഴി മരണത്തിനും ഇത് കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ അഞ്ചു മാസത്തിനിടെ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 2200 കടന്നിട്ടും കാലവര്‍ഷക്കെടുതിക്ക് മുമ്പ് മുന്നൊരുക്കമുണ്ടായില്ല എന്നതാണ് ഖേദകരം. ഡെങ്കിപ്പനി ബാധിച്ച് ഏഴുപേര്‍ മരിക്കുകയും അമ്പതോളം പനിമരണങ്ങളെ സംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രത്യേക പഠനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇത്ര കുറ്റകരമായ നിസംഗത നിലനില്‍ക്കുന്നത് എന്നതോര്‍ക്കണം. കഴിഞ്ഞ ഒരു ദിവസംമാത്രം തിരുവനന്തപുരം ജില്ലയില്‍ 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി മുതല്‍ ഏപ്രില്‍ വരെ മാത്രം 1134 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ടുപേര്‍ മരിക്കുകയും ചെയ്തു. തലസ്ഥാന ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുള്ളത്. അഞ്ചു മാസത്തിനിടെ ഡെങ്കിബാധിതരുടെ എണ്ണം 1100 ആയി. ഏപ്രില്‍ വരെ 692 പേര്‍ക്കായിരുന്നു രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലും ഏപ്രില്‍ വരെ 143 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഡെങ്കിപ്പനി പടരുന്നത്. സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സ തേടുന്നവരുടെ വിവരം ആരോഗ്യ വകുപ്പിന്റെ കയ്യിലുണ്ടാകുമെങ്കിലും സ്വകാര്യ ആസ്പത്രികളില്‍ രോഗം സ്ഥിരീകരിക്കാതെ മരിക്കുന്നവരുടെ കണക്ക് പകര്‍ച്ചവ്യാധി പട്ടികയിലുള്‍പ്പെടില്ല. ഇവിടങ്ങളില്‍ നിന്ന് ചില രോഗികളെ ചികിത്സിച്ച് വഷളാക്കിയശേഷം മെഡിക്കല്‍ കോളജിലേക്ക് മടക്കിയയക്കുന്നതും കാണാതിരുന്നുകൂടാ. ഇതുസംബന്ധിച്ച് സ്വകാര്യ ആസ്പത്രികള്‍ക്ക് പരിശീലനം നല്‍കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നെങ്കിലും പ്രഖ്യാപനം ജലരേഖയായി കിടക്കുകയാണ്. പനി ബാധിതരുടെ ചികിത്സാവിവരങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും ഇതൊന്നും പ്രായോഗിക തലത്തില്‍ നടക്കുന്നില്ല. കേരളത്തില്‍ ഡെങ്കി ഹെമറേജസ് പടരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സാംക്രമിക രോഗ നിയന്ത്രണ യൂണിറ്റ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഗൗനിക്കാതിരുന്നത് വിനയായിരിക്കുകയാണ്. ദിവസവും പത്തിലധികം പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരും.

SHARE