കൊച്ചി: പ്രളയഫണ്ട് തട്ടിപ്പു കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി. ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കി ജസ്റ്റിസ് സുനില്‍ തോമസാണ് വിധി പറയുന്നതിനായി കേസ് മാറ്റിയത്. കേസില്‍ പ്രതിപട്ടികയിലുള്ള സിപിഎം പ്രാദേശിക നേതാവ് കാക്കനാട് നിലം പതിഞ്ഞ മുഗള്‍ രാജഗിരി വാലി മറയക്കുളത്ത് വീട്ടില്‍ എം എം അന്‍വര്‍, ഇയാളുടെ ഭാര്യ കൗലത്ത് എന്നിവരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പ്രളയ ഫണ്ടില്‍ നിന്നും ഏകദേശം 16 ലക്ഷത്തോളം രൂപയോളമാണ് പ്രതികള്‍ തട്ടിയെടുത്തതെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം. മൂന്നാം പ്രതിയാണ് അന്‍വര്‍. എറണാകുളം കലക്ടറേറ്റിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി സെക്ഷന്‍ ക്ലാര്‍ക്കായ മാവേലിക്കര വൈഷ്ണവം വീട്ടില്‍ വിഷ്ണു പ്രസാദ്(30) ആണ് ഒന്നാം പ്രതി. കാക്കനാട് മാധവം വീട്ടില്‍ മഹേഷ് ആണ് രണ്ടാം പ്രതി. സിപിഎമ്മിന്റെ മറ്റൊരു പ്രാദേശിക നേതാവായ നിധിന്, നിധിന്റെ ഭാര്യ ഷിന്റു എന്നിവരും കേസിലെ പ്രതികളാണ്. അന്‍വറും ഭാര്യയും ഒഴികെയുള്ള മറ്റു പ്രതികളെക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ റിമാന്റിലാണ്.