കൊച്ചി: എറണാകുളത്ത് സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പില്‍ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്. 2018 ലെ പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 73 ലക്ഷം രൂപ കാണാനില്ലെന്ന എഡിഎമ്മിന്റെ പരാതിയിലാണ് കേസ്. ജില്ലാ കളക്ട്രേറ്റ് കേന്ദ്രീകരിച്ചുള്ള തട്ടിപ്പില്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.
ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ നടത്തിയ ആഭ്യന്തര പരിശോധനയിലാണ് ദുരിതാശ്വാസവിഭാഗത്തില്‍ നിന്ന് പണം തട്ടിയെടുത്തതായി കണ്ടെത്തിയത്. കളക്ട്രേറ്റ് ജീവനക്കാരന്റെ നേതൃത്വത്തില്‍ 27 ലക്ഷം രൂപയുടെ തട്ടിപ്പ് പുറത്ത് വന്നതിന് പിറകെയാണ് പുതിയ സംഭവവികാസം. എഴുപത്തി മൂന്ന് ലക്ഷത്തിപതിമൂവായിരത്തിനൂറ് രൂപയുടെ കുറവാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഉണ്ടായിട്ടുള്ളത്. ഈ പണം നേരത്തെ തട്ടിപ്പിന് അറസ്റ്റിലായവര്‍തന്നെ അപഹരിച്ചതാകാമെന്നാണ് കണക്ക് കൂട്ടല്‍. പണാപഹരണം, വിശ്വാസ വഞ്ചന, ഗൂഢാലോചന അടക്ക അഞ്ചോളം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
വ്യാജ രസീതുകള്‍ വഴിയാണ് തുക തട്ടിയതെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ, പ്രളയ ഫണ്ട് തട്ടിപ്പിലെ ഒന്നാം പ്രതിയായ കളക്ട്രേറ്റ് ജീവനക്കാരന് വിഷ്ണു പ്രസാദ് പണം തട്ടാന്‍ വേണ്ടി ഉണ്ടാക്കിയ 287 വ്യാജ രസീതുകള്‍ കളക്ട്രേറ്റില്‍ ക്രൈം ബ്രാഞ്ച് സഹായത്തോടെ നടന്ന പരിശോധനയില്‍ കണ്ടെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കളക്ട്രേറ്റ് വഴി സംഭാവനയായി ലഭിച്ച തുകയും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ ഫയലുകളും അപ്രത്യക്ഷമായിട്ടുണ്ട്. നേരിട്ടു സ്വീകരിച്ച പല തുകയും മേലുദ്യോഗസ്ഥര്‍ അറിഞ്ഞിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. ഇവയ്ക്ക് വ്യാജ രസീതാണ് നല്‍കിയത്.
തൃക്കാക്കരയിലെ സിപിഎം നേതാക്കളും കേസില്‍ പ്രതികളാണ്. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായിരുന്ന അന്‍വര്‍, ഭാര്യ ഖൌറത്ത്, എന്‍എന്‍ നിതിന്‍, നിതിന്റെ ഭാര്യ ഷിന്റു എന്നിവരാണ് പ്രതികള്‍. ഇവരെ പിന്നീട് സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
ദുരിതാശ്വാസ സെക്ഷന്‍ ക്ലര്‍ക്കായിരുന്ന വിഷ്ണു പ്രസാദ് കാക്കനാട്ടെ സി.പി.എം പ്രാദേശിക നേതാവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നതാണ് കേസ്. ദുരിതബാധിതര്‍ക്ക് പണം അനുവദിച്ചതില്‍ ഇരട്ടിപ്പ് കണ്ടെത്തി തിരിച്ചുപിടിച്ച തുകയാണ് സഹകരണ ബാങ്ക് അക്കൗണ്ടിലേക്ക് പോയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ തിരിച്ചു പിടിച്ച പണമാണ് ദുരിതാശ്വാസ അക്കൗണ്ടിലേക്ക് തിരികെ മാറ്റാതെ തട്ടിപ്പ് നടത്തിയത്. പ്രളയ ദുരിതാശ്വാസ സഹായത്തിന് അപേക്ഷ പോലും നല്‍കാത്ത അന്‍വറിന്റെ അക്കൗണ്ടിലേക്ക് അഞ്ചു തവണയായി 10.54 ലക്ഷം രൂപയാണ് ഇയാള്‍ നിക്ഷേപിച്ചത്. തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് കളക്ടര്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.