രാത്രി യാത്ര ഒഴിവാക്കണം; സെല്‍ഫി വേണ്ട; ജാഗ്രതാ നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്തു മഴ ശക്തമായ സാഹചര്യത്തില്‍ അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ അതീവജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ) മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം.
മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്. മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകരുത്. ഒരു കാരണവശാലും സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അതോറിറ്റി മുന്നറിയിപ്പു നല്‍കി. വാഹനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. താഴ്ന്ന പ്രദേശത്തെ ഫ്‌ളാറ്റുകളിലുള്ളവര്‍ ഫ്‌ളാറ്റിന്റെ സെല്ലാറില്‍ കാര്‍ പാര്‍ക്ക് ചെയ്യാതെ കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
ജീവന്‍ തന്നെ അപകടത്തില്‍ ആക്കുന്ന തരത്തില്‍ പാലങ്ങളിലും നദിക്കരയിലും മറ്റും കയറിയുള്ള സെല്‍ഫി എടുക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെളളക്കെട്ടിലും മഴയത്ത് ഇറങ്ങരുത്. കുട്ടികള്‍ ഇറങ്ങുന്നില്ലെന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും തുണി നനയ്ക്കുന്നതും കളിക്കുന്നതും ഒഴിവാക്കണം. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കണം. ടി.വിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണം. ആവശ്യമെങ്കില്‍ അടുത്തുള്ള ക്യാമ്പിലേക്കു മാറിത്താമസിക്കാന്‍ മടി കാട്ടരുത്.
ഓരോ വില്ലേജിലെയും ആളുകള്‍ക്ക് സുരക്ഷിതമായ സ്ഥാനങ്ങള്‍ അതതു പ്രാദേശിക ഭരണകൂടങ്ങള്‍ അറിയിക്കുമ്പോള്‍ അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാന്‍ ശ്രമിക്കണം. സഹായങ്ങള്‍ വേണ്ടവര്‍ കൃത്യമായി അധികൃതരെ ബന്ധപ്പെട്ട് അക്കാര്യങ്ങള്‍ ഉറപ്പുവരുത്തണം. ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍, വൈദ്യുതാഘാതം ഒഴിവാക്കുവാനായി മെയിന് സ്വിച്ച് ഓഫ് ആക്കണം. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ്് സെന്റര്‍ നമ്പരുകള്‍ 1077, ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില്‍ എസ്ടിഡി കോഡ് ചേര്‍ക്കണം. പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കാന്‍ ശ്രമിക്കണം. വീട്ടില്‍ അസുഖമുള്ളവരോ അംഗപരിമിതരോ ഭിന്നശേഷിക്കാരോ പ്രായമായവരോ കുട്ടികളോ ഉണ്ടെങ്കില്‍ അവരെ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യത്തില്‍ അവരെ ആദ്യം മാറ്റിപ്പാര്‍പ്പിക്കണം. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍ ഇവരെ സംബന്ധിച്ച വിവരം സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കണം. വെള്ളം വീട്ടില്‍ കയറിയാലും നശിക്കാത്ത തരത്തില്‍ വൈദ്യുതോപകരണങ്ങള്‍ ഉയരത്തില്‍ സൂക്ഷിക്കണം. ഈ അവസ്ഥയില്‍ വളര്‍ത്തുമൃഗങ്ങളെ കെട്ടഴിച്ചുവിടണം.