അസമും അരുണാചലും പ്രളയ ഭീതിയില്‍

ഗുവാഹത്തി: ടിബറ്റന്‍ മേഖലയിലെ സാങ്‌പോ നദിയില്‍ മണ്ണിടിച്ചിലിന് പിന്നാലെ രണ്ട് സംസ്ഥാനങ്ങളില്‍ പ്രളയ ഭീഷണി. അരുണാചല്‍ പ്രദേശിലും അസമിലുമാണ് പ്രളയ മുന്നറിയിപ്പ് നല്‍കിയത്. സാങ്‌പോ നദിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തടയണ രൂപം കൊണ്ടിരുന്നു. വെള്ളം ശക്തിയായി കുത്തൊഴുകിയതിനെ തുടര്‍ന്ന് രൂപമെടുത്ത തടയണ തകരാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ്്. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് അരുണാചലിലെ സിയാങ് നദിയില്‍ ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. എന്നാല്‍ സാങ്‌പോ നദിയിലുണ്ടായ തടയണ തകര്‍ന്നാല്‍ വെള്ളം കുത്തിയൊലിച്ച് വന്‍തോതില്‍ ജലനിരപ്പ് ഉയരാനും വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ നദീതീരങ്ങളിലുള്ളവരോട് ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അസ്സമിലെ ദിബ്രുഗഡ്, ധെമാജി, ലഖിംപൂര്‍, ടിന്‍സൂക്യ ജില്ലകളില്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

SHARE