കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി താഴേക്കു പതിച്ച് രണ്ടായി പിളര്‍ന്നു; പൈലറ്റ് മരിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് വിമാനം ലാന്റിങ്ങിനിടെ തെന്നിമാറി. പൈലറ്റ് മരിച്ചു. സഹപൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ദുബായില്‍ നിന്നെത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്‍റെ ഒരു ഭാഗം റണ്‍വേയ്ക്ക് പുറത്തെത്തി. വിമാനത്തിന്‍റെ മുന്‍ഭാഗത്തുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കുണ്ട്. ഇവരെ കൊണ്ടോട്ടി റിലീഫ്, മെഴ്സി ആശുപത്രികളിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. റണ്‍വേയില്‍ നിന്ന് 35 അടി താഴേക്കാണ് വിമാനം മറിഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്.

രാത്രി എട്ടു മണിയോടെയാണ് സംഭവം. കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. വിമാനം രണ്ടായി പിളര്‍ന്നിട്ടുണ്ട്. നൂറിലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നിട്ടുണ്ട്.

വിമാനത്തില്‍ 177 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. അപകടം നടക്കുമ്പോള്‍ റണ്‍വേയില്‍ കനത്ത മഴയുണ്ടായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍ ദുരന്തനിവാരണത്തിന്റെ ഏകോപനം ഏറ്റെടുത്തിട്ടുണ്ടെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസ റാവു പറഞ്ഞു.

SHARE