പ്ലാസ്റ്റിക് പിടിച്ചെടുത്ത് നശിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി. നിരോധനത്തിന് മുമ്പ് നിര്‍മ്മിച്ച പ്ലാസ്റ്റിക് നശിപ്പിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടത് നിര്‍ദ്ദേശിച്ചു. ക്യാരിബാഗ് നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ജനുവരി ഒന്ന് മുതലാണ് സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനം നിലവില്‍ വന്നത്. ജനുവരി 15 മുതല്‍ പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പരിശോധന നടത്തുന്നത് അടക്കമുളള കാര്യങ്ങളില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.ആദ്യ നിയമലംഘനത്തിനു 10,000 രൂപയാണ് പിഴ. ആവര്‍ത്തിച്ചാല്‍ 25,000 രൂപ. മൂന്നാം തവണയും ലംഘിച്ചാല്‍ 50,000 രൂപ പിഴ ഈടാക്കും. എക്‌സ്‌റ്റെന്‍ഡഡ് പ്രൊഡ്യൂസര്‍ റെസ്‌പോണ്‍സിബിലിറ്റി പ്രകാരം നീക്കം ചെയ്യുന്നതും സംസ്‌കരിക്കുന്നതുമായ ബ്രാന്‍ഡഡ് പ്ലാസ്റ്റിക് വസ്തുക്കളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉല്‍പാദകരോ വില്‍ക്കുന്നവരോ ഇവ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി നീക്കം ചെയ്തു സംസ്‌കരിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.കലക്ടര്‍മാര്‍, സബ് കലക്ടര്‍മാര്‍, തദ്ദേശ, ആരോഗ്യ വകുപ്പുകളിലെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് നിരോധനം നടപ്പാക്കാനുള്ള ചുമതല.