49 പേര്‍ ഇപ്പോഴും മണ്ണിനടിയില്‍; പെട്ടിമുടിയില്‍ രക്ഷാദൗത്യം പുനരാരംഭിച്ചു- അഞ്ചു പേരുടെ മൃതദേഹം കൂടി കിട്ടി

തൊടുപുഴ: വെള്ളിയാഴ്ച മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയില്‍ കാണാതായ 49 പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍. രാവിലെയാരംഭിച്ച തിരച്ചിലില്‍ അഞ്ചു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരണം 22 ആയി.

വെള്ളിയാഴ്ച കനത്ത മഴയും മൂടല്‍ മഞ്ഞും ഉണ്ടായതിനെ തുടര്‍ന്നാണ് അര്‍ധരാത്രിയോടു കൂടി തിരച്ചില്‍ നിര്‍ത്തിവെച്ചത്. കാഴ്ച തടസ്സപ്പെട്ടതോടെയാണ് തിരച്ചില്‍ നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച 17 പേരുടെ മൃതദേഹമാണ് കിട്ടിയിുന്നത്. അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ 11 പേരില്‍ ഒരാളൊഴികെയുള്ളവര്‍ അപകടനില തരണം ചെയ്തു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തുടരുന്നു.

ലയങ്ങളില്‍ താമസിക്കുന്നവരുടെ ബന്ധുക്കളും മറ്റു ലയങ്ങളില്‍ താമസിക്കുന്നവരും അപകടമുണ്ടായ സ്ഥലത്ത് എത്തിച്ചേര്‍ന്നതായി സംശയിക്കുന്നതിനാല്‍ കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നും മഴവെള്ളത്തില്‍ ആളുകള്‍ ഒലിച്ചു പോയെന്നും സംശയമുണ്ട്. രാത്രിയില്‍ പെയ്ത മഴയില്‍ മണ്ണൊലിച്ചിറങ്ങിയത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.

SHARE