എറണാകുളത്ത് അഞ്ചുപേരുടെ നില അതീവ ഗുരുതരം; ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ഫ്യു

കൊച്ചി: കോവിഡ് ബാധിച്ച് എറണാകുളം ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്ന അഞ്ചുപേരുടെ നില അതീവ ഗുരുതരം. കളമശേരി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലുള്ള അഞ്ചില്‍ നാലുപേരും കോവിഡ് ന്യുമോണിയ ബാധിച്ചവരാണ്. ചികില്‍സയില്‍ കഴിയുന്ന അഞ്ചുപേരില്‍ മൂന്നുപേരും ആലുവ ക്ലസ്റ്ററില്‍നിന്നുള്ളവരാണ്. പറവൂര്‍, ഇലഞ്ഞി സ്വദേശികളാണ് മറ്റ് രണ്ടുപേര്‍.

ഇലഞ്ഞി സ്വദേശിയായ നാല്‍പത്തിരണ്ടുകാരന്‍ വാഹനാപകടത്തെത്തുടര്‍ന്ന് ചികില്‍സയിലിരിക്കെയാണ് കോവിഡ് പോസിറ്റീവായത്. ചെല്ലാനത്തും ആലുവയിലും ഇപ്പോഴും രോഗം നിയന്ത്രണവിധേയമായിട്ടില്ല. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി എന്നിവിടങ്ങളിലെ സാഹചര്യം അതിസങ്കീര്‍ണ്ണമാണ്. ഈ മേഖലയിലെ പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരെയെല്ലാം ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും.

സമ്പര്‍ക്കവ്യാപനം നിയന്ത്രണാതീതമായ ഫോര്‍ട്ടുകൊച്ചിയില്‍ ഇന്ന് മുതല്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി. ആലുവയിലും ചെല്ലാനത്തുമടക്കം കര്‍ഫ്യു പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. കളമശേരി, ഇടപ്പള്ളി, ഏലൂര്‍, ചേരാനെല്ലൂര്‍ എന്നിവിടങ്ങളിലെല്ലാം കൂടുതല്‍പേര്‍ രോഗബാധിതരാകുന്ന സാഹചര്യത്തില്‍ കര്‍ശനമായ നിയന്ത്രണം ഈ പ്രദേശത്ത് നടപ്പാക്കാനാണ് തീരുമാനം. ഈ മേഖലയിലെ വ്യവസായങ്ങള്‍ക്ക് ഇളവുനല്‍കിയാകും പൊതുനിയന്ത്രണം കടുപ്പിക്കുക.

SHARE