ട്രിപ്പിള്‍ ലോക്ഡൗണ്‍- മത്സ്യതൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണം. ഇ ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: സംസ്ഥാനത്ത് കോവിഡ് അതിവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തീരദേശ മേഖലയിലെ ട്രിപ്പിള്‍ ലോക്ഡൗണിനെ തുടര്‍ന്ന് മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ കൂടുതല്‍ ദുരിതത്തിലാകുമെന്നും ഇവരുടെ ഉപജീവനമാര്‍ഗമായ മത്സ്യ ബന്ധനത്തിനും അതിന്റെ വിപണനത്തിനും പ്രയോഗിക നടപടികള്‍ സ്വീകരിക്കണമെന്നും തീരദേശ മേഖലക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഫിഷറീസ് വകുപ്പ് മന്ത്രിക്കും കത്ത് അയച്ചു.

ലോക്ക് ഡൗണിന്റെ ഭാഗമായി നേരത്തെ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ തീരദേശ മേഖലയെയും മത്സ്യതൊഴിലാളി കുടുംബങ്ങളെയും വലിയ ദുരിതത്തിലേക്ക് നയിച്ചിരുന്നു. നേരത്തെ തന്നെ ദാരിദ്ര്യവും പ്രയാസങ്ങളുമൊക്കെ ധാരാളം അനുഭവിക്കുന്നവരാണ് മത്സ്യതൊഴിലാളികള്‍. വെള്ളപ്പൊക്കം ഉള്‍പ്പെടെ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇടയിലാണ് ഇപ്പോള്‍ കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍.

കേരളത്തില്‍ മാത്രമായി 590 കിലോമീറ്റര്‍ വിസ്തൃതിയില്‍ തീര പ്രദേശമുണ്ട്. ഇവിടങ്ങളില്‍ ഏതാണ്ട് 10 ലക്ഷത്തോളം മത്സ്യതൊഴിലാളി കുടുംബങ്ങളുമുണ്ട്. അന്നന്ന് തൊഴില്‍ ചെയ്ത് കുടുംബം പുലര്‍ത്തുന്ന ഇവര്‍ ഒരു ദിവസമെങ്കിലും ജോലിക്ക് പോയില്ലെങ്കില്‍ പട്ടിണി കിടക്കുന്ന സ്ഥിതിയാണുള്ളത്. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ കാരണം അവര്‍ക്ക് ജോലിക്ക് പോകാന്‍ സാധിക്കാത്തതിനാല്‍ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലായിരിക്കുകയാണ്. സര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങളോട് പൂര്‍ണ്ണമായും സഹകരിച്ചവരാണ് തീരദേശ മേഖലയിലുള്ളവര്‍. ഇവിടങ്ങളിലെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് കിലോ അരിയുടെ കൂടെ പലവ്യഞ്ജനങ്ങളും നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. മത്സ്യ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം കരയില്‍ ഇരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സുരക്ഷിതത്വം ഉണ്ടാകുന്നത് കടലില്‍ പോകുമ്പോഴാണെന്നും ഇ ടി കത്തില്‍ ചൂണ്ടിക്കാട്ടി. കരയില്‍ എത്തിക്കുന്ന മീന്‍ വിപണനം നടത്തുന്നതിനും മറ്റും പ്രയോഗിക നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു.