ജീവന് വേണ്ടിയുള്ള നിലവിളികള്‍ മറക്കാനാവാതെ താനൂരിലെ മത്സ്യത്തൊഴിലാളികള്‍

മലപ്പുറം: ‘അവരുടെ ശരീരത്തിന്റെ തണുപ്പ് ഇപ്പോഴും എന്റെ ദേഹം വിട്ടുപോയിട്ടില്ല; ജീവന് വേണ്ടിയുള്ള നിലവിളികള്‍ എന്റെ കാതുകളില്‍ ഇപ്പോഴുമുണ്ട്’ പറയുന്നത് താനൂര്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളി മജീദ്. സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയത്തില്‍ മരണത്തെ മുഖാമുഖം കണ്ട നിരവധിപേരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് താനൂരിലെ മത്സ്യത്തൊഴിലാളികള്‍. താനൂരിലെ കൗണ്‍സിലര്‍ ഫൈസലിനെ താനൂര്‍ എസ്.ഐ വിളിച്ച് സഹായമഭ്യര്‍ഥിച്ചതോടെയാണ് താനൂരിലെ കടലിന്റെ മക്കള്‍ തങ്ങളുടെ കൂടെപ്പിറപ്പുകളെ രക്ഷിക്കാന്‍ വള്ളവുമായി സംസ്ഥാനത്തിന്റെ നാനാഭാഗത്തേക്കും പാഞ്ഞെത്തിയത്.

‘പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ ഗര്‍ഭിണികളും വയോവൃദ്ധരുമുണ്ടായിരുന്നു വെള്ളം കയറി വീടുകളില്‍ കുടുങ്ങിക്കിടന്നവരില്‍. അവരില്‍ പലര്‍ക്കും നടക്കാന്‍ പോലും ആവുമായിരുന്നില്ല. അവര്‍ ഞങ്ങളുടെ ബോട്ടിനായി കാത്തിരിക്കുകയായിരുന്നു’-മറ്റൊരു മത്സ്യത്തൊഴിലാളിയായി ഷാഫി യാരുക്കടവത്ത് പറഞ്ഞു. മലപ്പുറം ജില്ലക്ക് പുറമെ ചെങ്ങന്നൂര്‍, ചാലക്കുടി, പെരുമ്പാവൂര്‍, മാള, ആലുവ, റാന്നി, പറവൂര്‍ തുടങ്ങി സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിലെല്ലാം താനൂരിലെ മത്സ്യത്തൊഴിലാളികള്‍ ഓടിയെത്തി. മുന്നൂറോളം മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിനാണ് വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചത്.

താനൂരിന് പുറമെ പൊന്നാനി, കടലുണ്ടി, ചെട്ടിപ്പടി, കൂട്ടായി, പരപ്പനങ്ങാടി, പറവണ്ണ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള ഇരുനൂറോളം മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത പല സ്ഥലങ്ങളിലും തങ്ങളെത്തിയത് കൊണ്ടാണ് നിരവധി ജീവനുകള്‍ രക്ഷിക്കാനായതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

SHARE