മത്സ്യം പിടിക്കുന്നതിനിടെ ചൂണ്ട കണ്ണില്‍ തുളച്ചു കയറി

 

കോഴിക്കോട്: കൂട്ടുകാരുമൊത്ത് രാത്രി മീന്‍ പിടിക്കുമ്പോള്‍ യുവാവിന്റെ കണ്ണിന്റെ കൃഷ്ണമണിയില്‍ തറച്ച ചൂണ്ട പുറത്തെടുത്തു. ചെറുവണ്ണൂര്‍ സ്രാമ്പി സ്വദേശി പുത്തന്‍വീട്ടില്‍ അബ്ദുള്‍ സലാമിന്റെ (34) കണ്ണിനാണ് പരുക്കേറ്റത്. കെട്ടിട നിര്‍മ്മാണത്തൊഴിലാളിയാണ്. ചാലിയം പുലിമുട്ട് ഭാഗത്ത് കടലില്‍ ചൂണ്ടയിടുന്നതിനിടെ കല്ലിനിടയില്‍ കുടുങ്ങിക്കിടന്ന ചൂണ്ട വലിച്ചപ്പോള്‍ അതിശക്തമായി തിരിച്ചുവന്ന് കണ്ണില്‍ തറക്കുകയായിരുന്നു. കൃഷ്ണമണിയില്‍ തറച്ചുകിടന്ന ചൂണ്ടയോടെ അബ്ദുള്‍ സലാമിനെ സുഹൃത്തുക്കള്‍ രാത്രി പത്തോടെ കോഴിക്കോട് കോംട്രസ്റ്റ് കണ്ണാസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. ഡ്യൂട്ടി ഡോക്ടര്‍ പി.പി അബ്ദുള്‍ മാലിക് പ്രാഥമിക ചികിത്സകള്‍ നടത്തിയ ശേഷം ഉടന്‍ കോംട്രസ്റ്റ് കണ്ണാസ്പത്രിയിലെ റെറ്റിനവിഭാഗം തലവന്‍ ഡോ. വി. എസ് പ്രകാശിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ അടിയന്തിരമായി സജ്ജീകരിച്ച് ശസ്ത്രക്രിയ നടത്തിചൂണ്ട പുറത്തെടുക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും അപകടനില തരണം ചെയ്തതായി ഡോ. പ്രകാശ് പറഞ്ഞു. പൂര്‍ണ്ണമായ കാഴ്ചയുടെ കാര്യം വരും ദിവസങ്ങളില്‍ മാത്രമേ പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

SHARE