സാമൂഹിക അകലം പാലിച്ച് ഇരുത്തം; തെലങ്കാനയില്‍ നിന്നും അതിഥി തൊഴിലാളികളെയും വഹിച്ചുള്ള ആദ്യട്രെയിന്‍ പുറപ്പെട്ടു

ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് കുടുങ്ങിപ്പോയ വിവിധ സംസ്ഥാനങ്ങളിലെ അതിഥി തൊഴിലാളികളുടെ മടക്കയാത്രയ്ക്ക് ട്രെയിന്‍ വരുന്നു. തെലങ്കാനയില്‍ നിന്നും തൊഴിലാളികളെയും വഹിച്ചുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടതായാണ് വിവരം. തെലങ്കാനയില്‍ നിന്ന് ഝാര്‍ഖണ്ഡിലേക്കാണ് ആദ്യ ട്രെയില്‍ സര്‍വീസ് നടത്തിയത്. 24 കോച്ചുകളുള്ള ട്രെയില്‍ സാമൂഹിക അകലം പാലിച്ചാണ് തൊഴിലാളികളെ കൊണ്ടുപോയത്.

1200 തൊഴിലാളികളുമായി പോയ ട്രെയിന്‍ ഇന്ന് രാത്രി ഝാര്‍ഖണ്ഡിലെത്തും. തെലുങ്കാനഝാര്‍ഖണ്ഡ് ട്രെയിന്‍ അനുവദിച്ച സാഹചര്യത്തില്‍ കേരളമടക്കമുള്ള മറ്റ് സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് വിലയിരുത്തല്‍. ഇതോടെ ആശ്വാസത്തിലാണ് അതിഥി തൊഴിലാളികളും.

ഇതാദ്യമായാണ് അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്നതിന് പ്രത്യേക ട്രെയിന്‍ എന്ന ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിറവേറ്റുന്നത്. അതേസമയം തെലുങ്കാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് ഒരു ട്രെയിനിന് മാത്രമാണ് അനുമതി നല്‍കിയതെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.

നേരത്തെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്നതിന് പ്രത്യേക ട്രെയിന്‍ എന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ വെച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയിരുന്നില്ല.

SHARE