ആദ്യ ട്രെയിന്‍ തിരുവനന്തപുരത്ത് എത്തി; കോഴിക്കോട് ആറുപേരെ ആസ്പത്രിയിലാക്കി

തിരുവനന്തപുരം: ന്യൂഡല്‍ഹിയില്‍ നിന്നും ആരംഭിച്ച സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തി. 602 പേരുമായാണ് ട്രെയിന്‍ തിരുവനന്തപുരത്തെത്തിയത്. കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് യാത്രക്കാരെ റെയില്‍വേ സ്‌റ്റേഷന് പുറത്തേക്ക് വിടുക. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് ബുധനാഴ്ച രാവിലെ 11.25നാണ് ട്രെയിന്‍ യാത്ര ആരംഭിച്ചത്.

രാത്രി 10 മണിക്കാണ് സംസ്ഥാനത്തെ ആദ്യ സ്‌റ്റോപ്പായ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ എത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.40ന് എറണാകുളം സൗത്ത് ജംക്ഷനിലുമെത്തി. കോഴിക്കോട് 216 പേരും, എറണാകുളത്ത് 269 യാത്രക്കാരും ഇറങ്ങി. അതിനിടെ കോഴിക്കോട് ട്രെയിന്‍ ഇറങ്ങിയ ആറുപേരെ കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്.

ട്രെയിനിന് കോട്ട, വഡോദര, പന്‍വേല്‍, മഡ്ഗാവ്, മംഗളൂരു, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകള്‍ ഉള്ളത്. എല്ലാ യാത്രക്കാരുടേയും ശരീരോഷ്മാവ് കയറുമ്പോഴും ഇറങ്ങുമ്പോഴും പരിശോധിച്ചു. യാത്രക്കാര്‍ മുഖാവരണം ധരിക്കണമെന്നും റെയില്‍വേ നിര്‍ദേശിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍, പ്രായമായവര്‍, രോഗികള്‍ തുടങ്ങിയവരാണ് ട്രെയിനിലുള്ളത്. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിലേക്കുള്ള യാത്രക്കാര്‍ കോഴിക്കോടാണ് ഇറങ്ങിയത്. ഇവരെ എല്ലാവരേയും റെയില്‍വേ സ്‌റ്റേഷനില്‍ പരിശോധന നടത്തിയ ശേഷം ബസുകളിലാകും വിവിധയിടങ്ങളിലേക്ക് കൊണ്ടുപോകുക. സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്കാണോ വീടുകളിലേക്കാണോ വിടേണ്ടതെന്ന് സ്‌ക്രീനിങിന് ശേഷമാകും തീരുമാനിക്കുക.

SHARE