സന്ദര്‍ശക വിസയില്‍ പോയവരേയും വിദ്യാര്‍ത്ഥികളേയും ആദ്യം തിരിച്ചെത്തിക്കും

ന്യൂഡല്‍ഹി: സന്ദര്‍ശന വിസയില്‍ പോയി കുടുങ്ങിയവരേയും വിദ്യാര്‍ത്ഥികളേയും കേന്ദ്രം ആദ്യമെത്തിക്കുമെന്ന് സൂചന. മത്സ്യത്തൊഴിലാളികളെയും കൊവിഡ് ഭീഷണി കൂടിയ രാജ്യങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളുടെയും എണ്ണം ആദ്യമെടുക്കും. കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ പ്രത്യേകവിമാനങ്ങള്‍ ഉപയോഗിക്കുമെന്നും വിമാനസര്‍വ്വീസ് തുടങ്ങുമ്പോള്‍ പ്രവാസികളുടെ മടക്കം സാധ്യമാകുമെന്നും കേന്ദ്രം പറയുന്നു.

എല്ലാ മുഖ്യമന്ത്രിമാരുമായി നാളെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ പിന്‍വലിക്കാമോ, ഇതരസംസ്ഥാന തൊഴിലാളികളെ തിരികെ കൊണ്ടുവരാന്‍ സജ്ജമാണോ, പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ സംസ്ഥാനങ്ങളുടെ നിലപാട് എന്ത്..? എന്നിവയെല്ലാമാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് പ്രധാനമായും ചോദിക്കുന്നത്.

വരുന്ന ഞായറാഴ്ചയാണ് ലോക്ക് ഡൗണ്‍ അവസാനിക്കുക. അന്നോടെ നാല്‍പ്പത് ദിവസത്തെ ലോക്ക് ഡൗണ്‍ പൂര്‍ത്തിയാവും. നിലവിലെ സാഹചര്യത്തില്‍ ഇനിയും ലോക്ക് ഡൗണ്‍ നീട്ടുന്നതിനോട് കേന്ദ്രത്തിനോ സംസ്ഥാനങ്ങള്‍ക്കോ താത്പര്യമില്ല. അതേസമയം മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലവിലെ സാഹചര്യത്തില്‍ ലോക്ക് ഡൗണില്‍ ഇളവ് നല്‍കിയാല്‍ അതു രോഗവ്യാപനം ഇരട്ടിയാവാന്‍ കാരണമായേക്കും എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

ചീഫ് ഇലക്ഷന്‍ കമ്മീഷണറടക്കമുള്ള പ്രമുഖരടക്കം നിരവധി പേര്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്. സന്ദര്‍ശക വിസയില്‍ ഹ്രസ്വസന്ദര്‍ശനത്തിന് പോയവരും ഉപരി പഠനത്തിനായി പോയ വിദ്യാര്‍ത്ഥികളേയും പ്രത്യേക വിമാനത്തില്‍ തിരികെ കൊണ്ടു വരാനാണ് സാധ്യത. ഇങ്ങനെ അത്യാവശ്യമായി എത്തിക്കേണ്ടവരെ പ്രത്യേക വിമാനങ്ങളില്‍ തിരികെ കൊണ്ടു വന്ന ശേഷം മാത്രം മറ്റു പ്രവാസികളെ നാട്ടിലേക്ക് വരാന്‍ അനുവദിക്കുക എന്നതാവും കേന്ദ്രത്തിന്റെ നിലപാട്. കേരളത്തില്‍ മാത്രം ഒരു ലക്ഷം പ്രവാസികള്‍ മടങ്ങിയെത്തും എന്നാണ് കേരളം ഇന്നലെ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്.

SHARE