അന്ന് പബ്ലിസിറ്റി സ്റ്റണ്ട് ഉണ്ടായിരുന്നില്ല; സിയാച്ചിന്‍ സന്ദര്‍ശിച്ച ആദ്യ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്; അതും 73-ാം വയസ്സില്‍

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായ സിയാച്ചിനില്‍ ആദ്യമായി ഒരിന്ത്യന്‍ പ്രധാനമന്ത്രി എത്തുന്നത് 2004ലാണ്; ഡോ. മന്‍മോഹന്‍സിങ്. പന്ത്രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് മന്‍മോഹന്‍ എത്തുന്നത് തന്റെ 73-ാം വയസ്സില്‍. എന്നാല്‍ കഴിഞ്ഞ ദിവസം പതിനൊന്നായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലേയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത് തന്റെ 69-ാം വയസ്സിലാണ്.

തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ബോധവാനാകാതെ സൈന്യത്തിന് ആവേശം പകരനാണ് മോദിയെത്തിയത് എന്നാണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിത പ്രചാരണം നടത്തിയിരുന്നത്. ഇന്ത്യാ ടുഡേ എഡിറ്റോറിയന്‍ ഡയറക്ടറായ രാഹുല്‍ കല്‍വാള്‍ അടക്കമുള്ള മാദ്ധ്യമപ്രവര്‍ത്തകര്‍ മോദിക്ക് പ്രശംസയുമായി രംഗത്തെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഡോ. സിങിന്റെ സന്ദര്‍ശം സാമൂഹിക മാദ്ധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായത്.

സിയാച്ചിനില്‍ സൈനികരോട് സംസാരിക്കുന്ന ഡോ. മന്‍മോഹന്‍സിങ്

ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷമാണ് പന്ത്രണ്ടായിരം അടിയിലേറെ ഉയരമുള്ള സിയാച്ചിനില്‍ ഡോ. മന്‍മോഹന്‍സിങ് എത്തിയത്. ‘നിങ്ങളുടെ ജീവിതം നേരിട്ടു കാണാനും പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനുമാണ് വന്നത്. അതു പരിഹരിക്കാനും’ – എന്നാണ് ബേസ് ക്യാമ്പില്‍ പട്ടാളക്കാരുമായി സംസാരിക്കവെ ഡോ. സിങ് പറഞ്ഞത്. ഓക്‌സിജന്‍ നില ഏറെ താഴെയുള്ള പ്രദേശത്ത് അദ്ദേഹം വിമാനത്തില്‍ ചുറ്റിസഞ്ചരിച്ച് കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

ഡോ. സിങിനെ കൂടാതെ 69-ാം വയസ്സില്‍ മലയാളി കൂടിയായ മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണിയും മേഖലയില്‍ എത്തിയിട്ടുണ്ട്. ലേയിലുണ്ടായ മേഘവിസ്‌ഫോടനത്തിലെ നഷ്ടങ്ങള്‍ വിലയിരുത്താനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനുമാണ് ആന്റണിയെത്തിയത്.

അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം നിലനില്‍ക്കെയാണ് മോദി ലേയിലും പിന്നീട് നിമുവിലുമെത്തിയത്. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ലേയിലെത്തുന്നത് എന്ന തരത്തിലുള്ള പ്രചാരണമാണ് ബി.ജെ.പി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നടത്തി വരുന്നത്.

SHARE