ഹാപ്പിനെസ് ക്ലാസില്‍ പങ്കെടുത്ത് മെലാനിയ ട്രംപ്; ഡല്‍ഹിയിലെ സാഹചര്യത്തില്‍ താന്‍ ആശങ്കയിലെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി അക്രമത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അടിയന്തരയോഗം വിളിച്ചു. ഡല്‍ഹിയിലെ തന്റെ വീട്ടിലാണ് കെജരിവാള്‍ യോഗം വിളിച്ചിട്ടുള്ളത്. എം.എല്‍.എമാരെയും പൗരത്വ ഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ അക്രമം നടന്ന സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും യോഗത്തില്‍ വിളിച്ചിട്ടുണ്ട്.

അതേസമയം ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ട്രംപിന്റെയും ഭാര്യ മെലാനിയുടേയും സന്ദര്‍ശനം രണ്ടാം ദിവസവും തുടരുന്നു. യുഎസിലെ പ്രഥമ വനിത മെലാനിയ ട്രംപ് ഡല്‍ഹി സര്‍വോദയ കോഎഡ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സന്ദരര്‍ശനം നടത്തി. ഇന്ന് ഡല്‍ഹി നഗരത്തിലെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഡല്‍ഹി സര്‍ക്കാറിന്റെ കീഴിലുള്ള സ്‌കൂളിലെ ഹാപ്പിനെസ് ക്ലാസില്‍ പങ്കെടുക്കാന്‍ മെലാനിയ ട്രംപ് എത്തിയത്. സ്‌കൂള്‍ ബാന്‍ഡ് അവതരിപ്പിച്ചും പുഷ്പങ്ങള്‍ വര്‍ഷിച്ചും ആരതി നടത്തിയുമാണ് പ്രഥമ വനിതയെ വിദ്യാര്‍ത്ഥികള്‍ സ്വാഗതം ചെയ്തത്. വിദ്യാര്‍ത്ഥികളുമായി സംവദിച്ച മെലാനിയ ക്ലാസ് മുറിയില്‍ ഇരിന്നു ഒരു അധ്യാപികയുടെ ഹാപ്പിനെസ് ക്ലാസില്‍ പങ്കെടുത്തു.

എഎപി സര്‍ക്കാറിന്റെ കീഴിലുള്ള സ്‌കൂളില്‍ യുഎസിലെ പ്രഥമ വനിത എത്തുന്ന ചടങ്ങിലേക്ക് ഡല്‍ഹി മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രി സിസോദിയയേയും കേന്ദ്ര സര്‍ക്കാര്‍ ക്ഷണിക്കാഞ്ഞത് വിവാദമായിരുന്നു. എന്നാല്‍ മെലാനിയുടെ സന്ദര്‍ശനത്തില്‍ ആശംസയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്തെത്തി. ട്വിറ്റിറിലൂടെയായിരുന്നു കെജരിവാളിന്റെ ആശംസ.

ഞങ്ങളുടെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഡല്‍ഹിക്കും ഇന്ന് മികച്ച ദിവസമാണ്. നൂറ്റാണ്ടുകളായി ഇന്ത്യ ലോകത്തെ ആത്മീയത പഠിപ്പിക്കുന്നു. ആ സന്തോഷത്തിന്റെ സന്ദേശം ഞങ്ങളുടെ സ്‌കൂളില്‍ നിന്ന് നിങ്ങള്‍ തിരികെ എടുക്കുന്നതില്‍ സന്തോഷമുണ്ട്. മെലാനിയെ ടാഗ് ചെയ്ത് കെജരിവാള്‍ ട്വീറ്റ് ചെയ്തു.

അതേസമയം ഡല്‍ഹിലെ നിലവിലെ സാഹചര്യത്തില്‍ കെജരിവാള്‍ ആശങ്ക പ്രകടിപ്പിച്ചു. ഡല്‍ഹിയുടെ ചില ഭാഗങ്ങളിലെ നിലവിലെ സാഹചര്യം തന്നെ ആശങ്കപ്പെടുന്നു. ഞങ്ങളുടെ നഗരത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് ശ്രമിക്കുകയാണ്. അക്രമം ഒഴിവാക്കാന്‍ ഞാന്‍ എല്ലാവരോടും വീണ്ടും അഭ്യര്‍ത്ഥിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ദുരിതബാധിത പ്രദേശങ്ങളിലെ എല്ലാ എംഎല്‍എമാരെയും കുറച്ച് സമയത്തിനുള്ളില്‍ സന്ദര്‍ശിക്കുമെന്നും, കെജരിവാള്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ അനുകൂലികള്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടത്. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരനടക്കം ഏഴു പേര്‍ കൊല്ലപ്പെടുകയും 50 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സ്ഥിതി അവലോകനം ചെയ്യാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ചക്കൊരുങ്ങുകയാണ്.