കോവിഡിനെതിരെ വാക്‌സിന്‍; മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയമെന്ന് അമേരിക്കന്‍ കമ്പനി

കൊറോണയ്‌ക്കെതിരെ ആദ്യം വികസിപ്പിച്ച വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു. മരുന്ന് പരീക്ഷണത്തില്‍ ആശാവഹമായ ഫലങ്ങളാണ് ലഭിച്ചതെന്ന് വാക്‌സിന്‍ നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി മൊഡേണ അവകാശപ്പെട്ടു. ആദ്യഘട്ടത്തില്‍ എട്ടുപേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. ലാബില്‍ നടന്ന പരീക്ഷണ ഫലങ്ങള്‍ സാധൂകരിക്കുന്ന തരത്തില്‍ ഇവരില്‍ കൊറോണ വൈറസിന്റെ പെരുകല്‍ തടയുന്ന തരത്തില്‍ ശരീരം ആന്റിബോഡി ഉത്പാദിപ്പിച്ചുവെന്നാണ് മൊഡേണ പറയുന്നത്.

കോവിഡ് ഭേദമായവരില്‍ കാണപ്പെട്ട ആന്റിബോഡിക്ക് സമാനമായ ആന്റിബോഡിയാണ് വാക്‌സിന്‍ പരീക്ഷിച്ചവരില്‍ കാണപ്പെട്ടതെന്നും ഇത് സുപ്രധാന മുന്നേറ്റമാണെന്നും മരുന്ന കമ്പനി അവകാശപ്പെട്ടു. ഈ മാസം തന്നെ വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണത്തിന് കമ്പനിക്ക് എഫ്.ഡി.എ അനുമതി നല്‍കി കഴിഞ്ഞു. മൂന്നാം ഘട്ട പരീക്ഷണത്തിലും വാക്‌സിന്‍ പ്രയോജനപ്പെടുമെന്ന് തെളിഞ്ഞാല്‍ 2021ഓടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനം ഉണ്ടാകും.

SHARE