കോവിഡ് വാക്‌സിന്‍ ആദ്യമായി പരീക്ഷിക്കപ്പെട്ട യുവതിയുടെ ആരോഗ്യസ്ഥിതി ഇപ്പോള്‍ ഇങ്ങനെ- പ്രതീക്ഷയോടെ ശാസ്ത്രലോകം

ന്യൂയോര്‍ക്ക്: കോവിഡ് വാക്‌സിന്‍ ആദ്യമായി പരീക്ഷിക്കപ്പെട്ട യുവതി സമ്പൂര്‍ണ്ണ ആരോഗ്യവതിയെന്ന് വാക്‌സിന്‍ കമ്പനിയായ മൊഡേണ. പരീക്ഷണങ്ങളില്‍ ആശാവഹമായ ഫലങ്ങളാണ് ലഭിക്കുന്നത് എന്നും വൈറസ് ബാധിതരുടെ രോഗപ്രതിരോധ ശേഷി നിരന്തരം നിരീക്ഷിച്ചു വരികയാണ് എന്നും മസാച്ചുസറ്റ്‌സ് ആസ്ഥാനമായ കമ്പനി വ്യക്തമാക്കി.

മാര്‍ച്ചില്‍ സീറ്റിലിലെ കൈസര്‍ പെര്‍മെനന്റ് വാഷിങ്ടണ്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് ജെന്നിഫര്‍ ഹാളര്‍ എന്ന യുവതിയിലാണ് മൊഡേണ വാക്‌സിന്റെ ആദ്യത്തെ പരീക്ഷണം നടന്നത്. ഹാളറെ കൂടാതെ മറ്റു എട്ടു പേരിലും വാക്‌സിന്‍ പരീക്ഷിക്കുകയുണ്ടായി. കോവിഡ് വൈറസ് ശരീരത്തില്‍ പടരുന്നത് തടയുന്ന തരത്തില്‍ ഇവരുടെ ശരീരത്തില്‍ ആന്റിബോഡികള്‍ (പ്രതിദ്രവ്യങ്ങള്‍) ഉത്പാദിച്ചു എന്നാണ് മൊഡേണ അവകാശപ്പെടുന്നത്.

ജന്നിഫര്‍ ഹാളര്‍ മക്കള്‍ക്കൊപ്പം

കോവിഡ് ഭേദമായവരില്‍ കാണപ്പെട്ട ആന്റി ബോഡിക്ക് സമാനമായതാണ് മരുന്ന് പരീക്ഷിക്കപ്പെട്ടവരില്‍ കണ്ടതെന്ന് കമ്പനി പറയുന്നു. കമ്പനിക്ക് പരീക്ഷണത്തിന്റെ രണ്ടാം ഘട്ടത്തിന് യു.എസ് അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ അറുനൂറു പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കുക.

മൊഡേണ

പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയ്ക്ക് പിന്നാലെ, മൊഡേണയുടെ ഓഹരിയില്‍ വന്‍ കുതിപ്പുണ്ടായി. 25 ശതമാനം കുതിപ്പാണ് സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ രേഖപ്പെടുത്തിയത്. വാക്‌സിന്‍ നിര്‍മാണത്തിനായി യു.എസ് മൊഡേണയുമായി ഈയിടെ കരാറില്‍ ഏര്‍പ്പെട്ടിരുന്നു.

യു.എസ് കമ്പനി ഫൈസര്‍, ജര്‍മന്‍ കമ്പനി ബയോഎന്‍ടെക്, ചൈനീസ് കമ്പനി കാന്‍സിനോ, ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി തുടങ്ങി ലോകത്ത് നിരവധി സ്ഥാപനങ്ങലാണ് കോവിഡിനെതിരെയുള്ള വാക്‌സിന്‍ വികസിപ്പിക്കാനായി ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മേല്‍നോട്ടത്തില്‍ മാത്രം 76 കമ്പനികളുണ്ട്.