ഹുസൈന്‍ സിദ്ദിഖി; ഇന്ത്യയില്‍ ആദ്യ കോവിഡ് 19 മരണം സ്ഥിരീകരിച്ചു

രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 76 ആയി

ബംഗളൂരു: കൊറോണ വൈറസ് മൂലം ഇന്ത്യയില്‍ ആദ്യ മരണം സ്ഥിരീകരിച്ചു. കര്‍ണാടകയിലെ കലബര്‍ഗിയില്‍ അന്തരിച്ച 76 കാരനെ കോവിഡ് 19 ന് പോസിറ്റീവ് ആയി സ്ഥിരീകരിച്ചതോടെയാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകത്തിലെ കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി (79) മരിച്ചത് കൊറോണ വൈറസ് ബാധിച്ചാണെന്നാണ് സ്ഥിരീകരിച്ചത്.

ഇയാള്‍ക്ക് കൊറോണ വൈറസ് ഉണ്ടെന്ന് ഡോക്ടര്‍മാര്‍ നേരത്തെ സംശയിച്ചിരുന്നു, എന്നല്‍ മരണത്തിന് മുമ്പേയുള്ള പരിശോധനയില്‍ അത് സ്ഥിരീകരിച്ചിരുന്നില്ല. മരിച്ചയാള്‍ക്ക് കോവിഡ് 19 ഉണ്ടെന്ന് ലാബ് പരിശോധനയില്‍ സ്ഥിരീകരിച്ചതായി കര്‍ണാടക സര്‍ക്കാരിലെ മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥന്‍ ഡോ. സുരേഷ് ശാസ്ത്രി അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിദ്ദിഖി മരിച്ചത്. ഉംറ കഴിഞ്ഞ് ഫെബ്രുവരി 29 ന് സൗദി അറേബ്യയില്‍നിന്ന് തിരിച്ചെത്തിയ അദ്ദേഹത്തെ വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍, വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നും അന്ന് ഉണ്ടായിരുന്നില്ല. പിന്നീട് അസുഖത്തെ തുടര്‍ന്നാണ് മാര്‍ച്ച് അഞ്ചിന് കലബുറഗിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവച്ച് കൊറോണ സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന നടത്തിയിരുന്നു. മൂന്ന് ദിവസത്തിനുശേഷം അദ്ദേഹത്തെ ഹൈദരാബാദിലെ ആസ്പത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ആസ്പത്രി വിട്ടശേഷമാണ് സിദ്ദിഖി മരിച്ചത്.

വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സിദ്ദിഖിയുമായി അടുത്ത് ഇടപഴകിയവരെ കണ്ടെത്തുന്നതിനും ഐസോലേറ്റ് ചെയ്യുന്നതിനുമുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. അദ്ദേഹം തെലങ്കാനയിലും ചികിത്സ തേടിയിരുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ തെലങ്കാന സര്‍ക്കാരിനെയും വിവരം അറിയിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 76 ആയി. ഏപ്രില്‍ 15 വരെ ഇന്ത്യ വിസാ നിയന്ത്രണം ഏര്‍പ്പെടുത്തി. കേന്ദ്ര മന്ത്രിമാരുള്‍പ്പടെ വിദേശയാത്ര ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

18 സംസ്ഥാനങ്ങളിലായാണ് 76 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. ലെഡാക്കില്‍ ഒരാള്‍ക്കും കേരളത്തില്‍ രണ്ടാള്‍ക്കുമാണ് പുതുതായി സ്ഥിരീകരിച്ചത്. ഇതുവരെ 10.5 ലക്ഷം പേരെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ പരിശോധിച്ചു. ഇറ്റലിയിലെ ഇന്ത്യന്‍ എംബസി എല്ലാ കോണ്‍സുലേറ്റ് സേവനങ്ങളും താല്‍കാലികമായി നിര്‍ത്തിവെച്ചു. ഇറാനില്‍ കുടുങ്ങിയവരെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ നടപടികള്‍ തുടങ്ങി. നാളെ മുതല്‍ മൂന്ന് ദിവസം കൊണ്ട് പ്രത്യേക വിമാനത്തില്‍ ഇറാനില്‍ നിന്നുള്ളവരെ മുംബൈയില്‍ എത്തിക്കും. ഇറ്റലിയില്‍ നിന്നും കൊച്ചിയില്‍ എത്തിയവരെ പരിശോധിക്കുന്നതില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ലോക്‌സഭയെ അറിയിച്ചു.

കോവിഡ് 19നെ തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉടന്‍ കണ്ടെത്തണമെന്നും വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാന്‍ പദ്ധതി ഒരുക്കണമെന്നും ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കോവിഡ് 19ന്റെ സാഹചര്യത്തില്‍ ലോക്‌സഭ നിര്‍ത്തിവെയ്ക്കില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. ഡല്‍ഹിലെ എല്ലാ സിനിമാശാലകളും മാര്‍ച്ച് 31 വരെ അടച്ചു. കോവിഡ് 19യുടെ പശ്ചാത്തലത്തില്‍ മുഖാവരണം, സാനിറ്റൈസര്‍ സാമ്പത്തിക സഹായം എന്നിവ ലഭ്യമാക്കണമെന്ന് ആന്റോ ആന്റണി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. വിമാനത്താവളത്തില്‍ അശ്രദ്ധ ഉണ്ടായി എന്ന് എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് അനുവദിക്കണമെന്ന് ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.