‘ഫസ്റ്റ് ബെല്‍’ ടീച്ചര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അസഭ്യവും അശ്ലീലവും; തലകുനിച്ച് കേരളം

ഓണ്‍ലൈനില്‍ ഇന്ന് ക്ലാസെടുക്കാനെത്തിയ അധ്യാപികമാരെ അപഹസിച്ച് സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം സജീവം. ഇവര്‍ നടത്തുന്ന ഹീന പ്രവര്‍ത്തികള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി വിക്ടേഴ്‌സ്. തിങ്കളാഴ്ച ക്ലാസെടുക്കാനെത്തിയ ഒരു അധ്യാപികയുടെ ചിത്രം വച്ച് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും അശ്ലീലമായ കമന്റുകളോടെ ചിത്രം പങ്കുവയ്ക്കുന്നതും സൈബര്‍ ഇടങ്ങളില്‍ കാണാം. ഇതിനെതിരെ വലിയ ഒരു വിഭാഗം ഇപ്പോള്‍ തന്നെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തി. നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി പൊലീസും രംഗത്തെത്തി.

ആരോഗ്യപരമായ ട്രോളുകളില്‍ നിന്നും അശ്ലീലം കലര്‍ന്ന വാക്കുകളിലേക്കും ഇതിനൊപ്പം അധ്യാപികമാരുടെ ചിത്രങ്ങള്‍ സഹിതം പങ്കുവച്ചാണ് ചിലരുടെ അതിരുകടന്ന പ്രവൃത്തികള്‍. ഇന്‍സ്റ്റഗ്രാമില്‍ പത്തിലേറെ വ്യാജ അക്കൗണ്ടുകളാണ് ഒരു അധ്യാപികയുടെ ചിത്രം മാത്രം വച്ച് ഉണ്ടാക്കിയിരിക്കുന്നത്. ഇതിന് താഴെ വരുന്ന കമന്റുകള്‍ സമ്പൂര്‍ണ്ണ സാക്ഷരത അവകാശപ്പെടുന്ന കേരളത്തെ നാണിപ്പിക്കുന്നതാണ്.ആദ്യ ദിനം തന്നെ കേരളത്തിന്റെ മനസ് കവര്‍ന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ വ്യക്തമാക്കി തന്നത്, നമ്മുടെ അധ്യാപകരുടെ പ്രതിഭയും മിടുക്കുമാണ്. എന്നാല്‍ ഇതിന് പിന്നാലെ വരുന്ന ഇത്തരം അവഹേളനങ്ങള്‍ മലയാളികള്‍ക്ക് തന്നെ അപമാനമാണ്.

‘കൊച്ചുകുട്ടികള്‍ക്ക് കാണുന്നതിനായി ‘ഫസ്റ്റ് ബെല്ലില്‍ ‘ അവതരിപ്പിച്ച വിഡിയോകള്‍ പോലും സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് ( നിര്‍ദ്ദോശമായ ട്രോളുകള്‍ക്കപ്പുറം) സൈബറിടത്തില്‍ ചിലര്‍ അവതരിപ്പിക്കുന്നത് കണ്ടു. ഇത് അത്യന്തം വേദനാജനകമാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവും.’ വിക്ടേഴ്‌സ് സിഇഒ കെ. അന്‍വര്‍ സാദത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

SHARE