കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ വാര്‍ഷികം: പുറം തിരിഞ്ഞ് പൊതുജനം

കോഴിക്കോട്: കൊട്ടിഘോഷിച്ച് നടത്തിയ ഇടതു സര്‍ക്കാറിന്റെ ഒന്നാംവാര്‍ഷിക സമാപന പരിപാടികള്‍ പൊതുജനം കൈയൊഴിഞ്ഞു. ധൂര്‍ത്തും ആര്‍ഭാടവും നിറഞ്ഞ പരിപാടിക്കായി വന്‍തുക ചെലവഴിച്ചാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയത്. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ അത്യാധുനിക ഡൂം പന്തല്‍ ഒരുക്കിയെങ്കിലും അതില്‍ നിറയാനുള്ള ആളുകള്‍ എത്തിയില്ല. പരിപാടി തുടങ്ങുമെന്നറിയിച്ച അഞ്ചു മണിക്ക് നാമമാത്ര ആളുകളാണ് സദസ്സിലെത്തിയത്. ഇതിനെ തുടര്‍ന്ന് പരിപാടി മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്.
പരിപാടിയില്‍ പങ്കെടുക്കേണ്ട മുഖ്യതിഥികളുടെ അസാന്നിധ്യം പരിപാടിയുടെ ശോഭകെടുത്തി. മന്ത്രിമാരില്‍ തോമസ് ഐസകും രാമചന്ദ്രന്‍ കടന്നപ്പള്ളിയും എത്തിയില്ല. സര്‍ക്കാറിന്റെ വാര്‍ഷികമായിട്ടുപോലും ഇടതു എം.എല്‍.എമാര്‍ എല്ലാവരുമെത്തിയില്ല. ജോര്‍ജ് എം തോമസും കെ ദാസനും സി.കെ നാണുവും കാരാട്ട് റസാഖും വിട്ടുനിന്നു. പ്രതിപക്ഷ എം.എല്‍.എമാരും എം.പിമാരും ചടങ്ങില്‍ പങ്കെടുത്തില്ല.
വന്‍ വാഗ്ദാനങ്ങളുമായി അധികാരത്തിലെത്തിയ ഇടതു സര്‍ക്കാറിന് ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ജനത്തിനു മുമ്പാകെ അവതരിപ്പിക്കാന്‍ കാര്യമായ വികസന നേട്ടങ്ങള്‍ ഇല്ലാതെ പോയതാണ് പൊതുജന പിന്തുണ ഇല്ലാതെയാവാന്‍ കാരണമായത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികളുടെ പൂര്‍ത്തീകരണം മാത്രമാണ് ഈ സര്‍ക്കാറിന് ചെയ്യാനുണ്ടായിരുന്നത്. ഇക്കാര്യം മറച്ചു വച്ച് വന്‍ പരസ്യങ്ങളുമായി പിണറായി വിജയന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നെങ്കിലും ഭരണ പരമായ നേട്ടങ്ങള്‍ അവതരിപ്പിക്കാനില്ലാത്തതിനാല്‍ അവഗണിക്കപ്പെട്ടു. മന്ത്രിസഭയിലെ പ്രശ്‌നങ്ങളും വിവാദങ്ങളും കാരണം ഒരു വര്‍ഷത്തിന്റെ സിംഹഭാഗവും തള്ളിനീക്കേണ്ടി വന്ന സര്‍ക്കാറിന് വാര്‍ഷികമാഘോഷിക്കാന്‍ ഉദ്യോഗസ്ഥതല പിന്തുണ മാത്രമാണുണ്ടായത്. അതിനാല്‍ തന്നെ ലക്ഷങ്ങള്‍ പൊടിച്ചാണ് ഓരോ ജില്ലയിലും പരിപാടികള്‍ നടത്തിയത്. പലയിടത്തും വാര്‍ഷികാഘോഷം ബഹുജന പങ്കാളിത്തമില്ലാത്തതിനാല്‍ ചടങ്ങായി മാറി. പരിപാടിയില്‍ നിന്ന് അസംതൃപ്തരായ ഘടകകക്ഷികള്‍ മാറിനിന്നപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാള്യത കൊണ്ടും രംഗത്തെത്തിയില്ല.
അതേസമയം എല്‍.ഡി.എഫ് ഉദ്ദേശിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു എന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. കടമ നിര്‍വഹിക്കുന്ന സര്‍ക്കാറാണ് എന്ന തോന്നലുണ്ടാക്കാന്‍ കഴിഞ്ഞു എന്നും അത് വലിയ കാര്യമാണെന്നുമാണ് പ്രസംഗത്തില്‍ പറഞ്ഞത്. വിമര്‍ശകരായ മാധ്യമങ്ങള്‍ പോലും പിന്തുണയുമായി രംഗത്തെത്തുന്ന കാഴ്ചയാണുണ്ടായതെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ജനങ്ങളുടെ മുന്നില്‍ ഒന്നും ഒളിച്ചു വെക്കാനില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ പ്രസ്ഥാവനയെ ശരി വെക്കുന്ന നിലയിലാണ് എല്ലാം കാണുന്ന പൊതുജനം സര്‍ക്കാറിന്റെ പൊള്ളയായ ആഘോഷങ്ങളെ അവഗണിച്ചത്.

SHARE