ചാരിറ്റി പ്രവര്‍ത്തനം നിര്‍ത്തുന്നു, ഇനി ഒരു വീഡിയോയുമായി നിങ്ങളുടെ മുന്നില്‍ വരില്ല;ഫിറോസ് കുന്നംപറമ്പില്‍

തന്റെ സാമൂഹിക സേവനങ്ങളുടെ മറവില്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കൊടുവില്‍ ചാരിറ്റി പ്രവര്‍ത്തനം ഫിറോസ് കുന്നം പറമ്പില്‍ നിര്‍ത്തുന്നു. കഴിഞ്ഞ കുറച്ച് കാലമായി തനിക്ക് അനുഭവിക്കേണ്ടി വന്ന പ്രശ്‌നങ്ങളാണ് ഈ തീരുമാനത്തിലേക്കെത്തിച്ചതെന്ന് ഫിറോസ് പറയുന്നു. ‘തിരുവനന്തപുരം ഭാഗത്ത് നിന്ന് പലപ്പോഴും എനിക്കെതിരെ ആരോപണങ്ങള്‍ വന്നിട്ടുണ്ട്. രോഗികളല്ല മറിച്ച് മറ്റുള്ളവരാണ് എന്നെ കുഴിയില്‍ ചാടിക്കാന്‍ നോക്കുന്നത്. ഇപ്പോഴിതാ എഴുലക്ഷം രൂപ ഫിറോസ് തിരുവനന്തപുരത്ത് ഒരു രോഗിയുടെ കയ്യില്‍ നിന്നും വാങ്ങിയെന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. ഒരു അടിസ്ഥാനവുമില്ലാതെ ആരോപണങ്ങള്‍ പലതായി കേള്‍ക്കുന്നു. മടുത്തു. ഇനി വയ്യ. വീട്, കാര്‍, വിദേശയാത്ര.. ഒരു മനുഷ്യന്‍ എന്തൊക്കെ കേള്‍ക്കണം. മടുത്തു. ചിലര്‍ പിന്നാലെ നടന്ന് ആക്രമിക്കുകയാണ്. മതം നോക്കി ഒന്നും ചെയ്തിട്ടില്ല. എന്നിട്ടും എന്തൊക്കെയാണ് എനിക്കെതിരെ പറയുന്നത്.’ ഫേസ്ബുക്ക് ലൈവില്‍ വന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്റെ രാഷ്ട്രീയം ഞാന്‍ തുറന്ന് പറഞ്ഞത് പല ആളുകള്‍ക്കും എനിക്കെതിരെ തിരിയാനുള്ള മാര്‍ഗമായിരിക്കുകയാണ്. ഞാനൊരു കള്ളനാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് എനിക്ക് ചുറ്റുമുള്ള കുറേയധികം ആളുകള്‍. കള്ളന്റെ മക്കളെന്ന് എന്റെ മക്കളെ മറഅറുളഅളവര്‍ വിളിക്കാതിരിക്കണമെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ഈ സേവനം നിര്‍ത്തേണ്ടി വരും. ഇനി വിഡിയോ ചെയ്ത് പണം ചോദിച്ച് ഞാന്‍ വരില്ല. ഒരു രോഗിയും അതും പറഞ്ഞ് ഇനി ഇങ്ങോട്ട് വരണ്ട. കണക്കും കാര്യങ്ങളും കൃത്യമായി ചെയ്തിട്ടുണ്ട്. എന്റെ ഭാഗം നൂറുശതമാനവും ശരിയാണെന്ന് ഉറപ്പുണ്ട്.