ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പിന്നില്‍ ഹവാലയെന്ന് ആരോപണം; മറുപടിയുമായി ഫിറോസ് കുന്നംപറമ്പില്‍

കോഴിക്കോട്: സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ ഹവാല ഇടപാട് നടക്കുന്നതായി സംശയമുണ്ടെന്ന് പൊലീസ്. കഴിഞ്ഞ ദിവസം സഹായമഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയയിലെത്തിയ വര്‍ഷയെന്ന യുവതിയുടെ അക്കൗണ്ടിലെത്തിയത് ഒരു കോടി രൂപയിലേറെയാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയേറെ രൂപയെത്തിയതില്‍ സംശയമുണ്ടെന്നും അതിന് പിന്നില്‍ ഹവാല, കുഴല്‍പ്പണ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഡിസിപി ജി. പൂങ്കുഴലി പറഞ്ഞിരുന്നു.

ചികിത്സാ ആവശ്യത്തിനുള്ള തുക കഴിച്ചുള്ള തുക യുവതിയില്‍ നിന്ന് തിരികെ ലഭിക്കുമെന്ന വിശ്വാസത്തില്‍ ഹവാല മാഫിയയാണ് പണമെത്തിച്ചതെന്ന് സംശയിക്കുന്നുവെന്നും ഇത് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തുന്നതായി വര്‍ഷ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഫിറോസ് കുന്നംപറമ്പില്‍ അടക്കം നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഹവാല ആരോപണത്തിനെതിരെ മറുപടിയുമായി ഫിറോസ് കുന്നംപറമ്പില്‍ രംഗത്തെത്തി. നൂറും അമ്പതും തന്ന് ഈ ഹവാലയില്‍ മെമ്പര്‍ഷിപ്പെടുത്ത എല്ലാവരോടും നന്ദിയുണ്ടെന്നും വന്നത് ഹവാല പണമാണെങ്കില്‍ അവരുടെ അക്കൗണ്ട് മരവിപ്പിച്ച് ആ പണം മുഴുവന്‍ സര്‍ക്കാര്‍ കണ്ടുകെട്ടണമെന്നും ഫിറോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

SHARE