ഇരിട്ടി: ഈ കൊറോണാ കാലത്തും രോഗങ്ങളാല്‍ മരണമുഖത്ത് എന്ത് ചെയ്യണമെന്നറിയാതെ തരിച്ചു നില്ക്കുന്ന ആയിരങ്ങള്‍ക്ക് അഗ്നിശമന സേന ആശ്വാസമാവുന്നുണ്ട്. മരുന്നുകളടക്കം വിവിധ മേഖലകളില്‍ നിന്നും എത്തിച്ചു നല്കുന്ന അഗ്നിരക്ഷാ സേനയുടെ സേവനവും പല വാര്‍ത്തകളിലൂടെയും നിത്യവും നമ്മള് കേട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇതില്‍നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു സേവന പ്രവര്‍ത്തനമാണ് ഇപ്പോള്‍ അഗ്നിശമനസേന ചെയ്തിരിക്കുന്നത്. ഇരിട്ടി അഗ്നിരാക്ഷാ നിയയത്തിലെ അസി. സ്റ്റേഷന് ഓഫീസര്‍ ടി. മോഹനന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യത്യസ്തമായ ഒരു പ്രവൃത്തിയുമായി രംഗത്തെത്തിയത്.
വ്യാഴാഴ്ച്ച വിവാഹിതരാകുന്ന നവദമ്പതികള്‍ക്ക് വിവാഹ മോതിരമെത്തിച്ചു നല്‍കിയാണ് ഇവര്‍ കയ്യടി നേടിയത്. ഇരിട്ടി കരിക്കോട്ടക്കരിയിലെ താളുകണ്ടത്തില്‍ ഇമ്മാനുവേല്‍- ലില്ലി ദമ്പതികളുടെ മകള്‍ മറിയ ഇമ്മാനുവേലും, കണിച്ചാര്‍ ചെങ്ങോത്തെ ഒറ്റപ്ലാക്കല്‍ ജോസ് – മേരിക്കുട്ടി ദമ്പതികളുടെ മകന് ജോമിനും തമ്മിലുള്ള വിവാഹമാണ് വ്യാഴാഴ്ച നടക്കേണ്ടിയിരുന്നത്. ആദ്യം ഏപ്രില്‍ 16 നായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും അന്ന് നടന്നില്ല. ബോംബെയില്‍ ഒരു മാനുഫാക്ച്ചറിംഗ് കമ്പനിയില്‍ ജോലിചെയ്യുന്ന ജോമിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ഉടനെ നാട്ടില്‍ എത്തിയെങ്കിലും മറ്റൊരു സംസ്ഥാനത്തു നിന്നും എത്തിയതിനാല്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വന്നു. അതിനാല്‍ തന്നെ ഏപ്രിലില്‍ തീരുമാനിച്ച വിവാഹം മെയ് 7 ലേക്ക് മാറ്റിവെക്കേണ്ടി വന്നു. ഇതിനിടയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പേ വിവാഹ സമയത്ത് കൈമാറേണ്ട രണ്ടുപേരുടെയും മോതിരം കണ്ണൂരിലെ മലബാര്‍ ഗോള്‍ഡില്‍ മുഴുവന്‍ പണവും നല്കി ബുക്ക് ചെയ്തിരുന്നു.
കണ്ണൂര്‍ ജില്ല റെഡ് സോണായി പ്രഖ്യാപിച്ചതും ലോക്ക് ഡൗണ്‍ മൂലമുള്ള യാത്രാ പ്രതിസന്ധിയും നിലനില്‍ക്കുന്നതിനാല്‍ മോതിരമില്ലാതെ വിവാഹം നടത്തിയാലോ എന്ന് വീട്ടുകാര്‍ ആലോചിക്കുന്നതിനിടെയാണ് അഗ്നിരക്ഷാ സേനയുടെ വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ കഥകള്‍ ഇവരുടെ ശ്രദ്ധയില്‍ പെടുന്നത്. മടിച്ചു മടിച്ചാണെങ്കിലും ഇരിട്ടി അഗ്നിരക്ഷാ നിലയത്തിലേക്ക് വിളിച്ച് ഇവര്‍ തങ്ങളുടെ കാര്യങ്ങള്‍ ബോധിപ്പിച്ചു. ഒരു മടിയും കൂടാതെ ഇരിട്ടി അഗ്നിരക്ഷാ സേന തങ്ങളുടെ സേവന സന്നദ്ധത അറിയിക്കുകയും ദൗത്യം ഏറ്റെടുക്കുകയുമായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കണ്ണൂരില്‍ നിന്നും എത്തിച്ച മോതിരങ്ങള്‍ അസി. സ്റ്റേഷന് ഓഫീസര്‍ ടി. മോഹനന്, സീനിയര്‍ ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍ ബെന്നി ദേവസ്യ, ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍ ആന്റ് െ്രെഡവര്‍ വി. രാജന് എന്നിവരുടെ നേതൃത്വത്തില്‍ രാത്രി 8 മണിയോടെ നവവധു മറിയ ഇമ്മാനുവേലിന് കരിക്കോട്ടക്കരിയിലെ വീട്ടിലെത്തി കൈമാറുകയായിരുന്നു.
അഗ്നിരക്ഷാ സേനയോടുള്ള നന്ദിയും കടപ്പാടും കുടുംബം അറിയിച്ചപ്പോള്‍ കോവിഡിന് കാലത്ത് സേവന പാതയില്‍ ഒരു സദ്കര്‍മ്മം കൂടി ചെയ്യാന്‍ കഴിഞ്ഞല്ലോ എന്ന ചാരിതാര്‍ഥ്യമായിരുന്നു സേനാംഗങ്ങളുടെ ഉള്ളില്‍. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് 20 പേര് മാത്രം പങ്കെടുത്തുകൊണ്ട് കരിക്കോട്ടക്കരി പള്ളിയില്‍ വെച്ച് ലളിതമായ ചടങ്ങില്‍ വ്യാഴാഴ്ച രാവിലെ ഇവരുടെ വിവാഹം നടക്കും.