വസ്ത്രത്തില്‍ തീപിടിച്ചു; ഭാര്യ മരിച്ചു; രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് അതീവ ഗുതരുതരാവസ്ഥയില്‍

തിരുവനന്തപുരം: വിറകടുപ്പില്‍ മണ്ണെണ്ണ ഒഴിച്ച് തീ കത്തിക്കുന്നതിനിടെ തീ പടര്‍ന്ന് ചികിത്സയിലായിരുന്ന യുവദമ്പതിമാരില്‍ ഭാര്യ മരിച്ചു. വെഞ്ഞാറമൂട് കീഴായിക്കോണം കല്ലിടുക്കില്‍ വീട്ടില്‍ രേഷ്മ(26) ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. രേഷ്മയെ രക്ഷിക്കാന്‍ ശ്രമം നടത്തിയ ഭര്‍ത്താവ് സതീഷ്(30) ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് അപകടമുണ്ടായത്. വിറകടുപ്പില്‍ മണ്ണെണ്ണ ഒഴിച്ച് തീ കത്തിക്കുന്നതിനിടയിലാണ് രേഷ്മയുടെ വസ്ത്രത്തില്‍ തീപിടിക്കുകയായിരുന്നു. നിലവിളികേട്ട് സതീഷ് ഓടിയെത്തുമ്പോള്‍ ദേഹമാകെ തീപടര്‍ന്ന നിലയിലായിരുന്നു. ഉടന്‍തന്നെ രേഷ്മയെ കുളിമുറിയിലേക്കു കൊണ്ടുപോയി ഷവര്‍ തുറന്നാണ് രക്ഷിക്കാന്‍ ശ്രമം നടത്തിയത്.

ഇതിനിടയില്‍ സതീഷിനും പൊള്ളല്‍ ഏല്‍ക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന ബന്ധുവായ പത്തു വയസ്സുകാരനാണ് അടുത്തുള്ളവരെ വിവരമറിയിച്ചത്. ഉടന്‍തന്നെ ഇരുവരെയും ഒരു ഓട്ടോയില്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായ പൊള്ളലായതുകൊണ്ട് അന്നുതന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് സിഐ വിജയരാഘവന്‍ അറിയിച്ചു. നാലുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. മക്കളില്ല.

SHARE