തെരുവ് നായ്ക്കളെ ഭയന്ന് വീട്ടില്‍ അഭയംതേടിയ ദളിത് യുവാവിനെ മോഷ്ടാവെന്ന് കരുതി തീവച്ചുകൊന്നു

ലഖ്‌നൗ: തെരുവ് നായ്ക്കളെ ഭയന്ന് പരിചയമില്ലാത്ത വീട്ടില്‍ അഭയം തേടിയ ദളിത് യുവാവിനെ മോഷ്ടാവെന്ന് കരുതി തീവച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലാണ് സംഭവം. സുജിത് കുമാര്‍ (28) ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 40 ശതമാനം പൊള്ളലേറ്റ യുവാവിനെ ശ്യാമപ്രസാദ് മുഖര്‍ജി സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച മരിച്ചു. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു യുവാവ്. മുറിവുകളിലെ അണുബാധ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് സുജിത് കുമാറിനെ തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. കുരച്ചുകൊണ്ട് നായ്ക്കള്‍ പിന്തുടര്‍ന്നതോടെ യുവാവ് പരിചയമില്ലാത്ത ഒരു വീട്ടില്‍ അഭയംതേടി. മോഷ്ടാവാണ് വീട്ടില്‍ കയറിയതെന്ന് തെറ്റിദ്ധരിച്ച് വീട്ടുകാര്‍ യുവാവിനെ മര്‍ദ്ദിക്കുകയും പെട്രോള്‍ ഒഴിച്ച് തീവെക്കുകയും ചെയ്തുവെന്ന് ബരാബങ്കി പോലീസ് സൂപ്രണ്ട് ആകാശ് തോമര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് നാലുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം തുടങ്ങിയെന്നും പോലീസ് പറഞ്ഞു.

SHARE