എടവണ്ണയില്‍ ഗോഡൗണില്‍ തീപ്പിടിത്തം; രണ്ട് ലോറികള്‍ കത്തിനശിച്ചു

മലപ്പുറം: എടവണ്ണ തുവ്വക്കാട് പെയിന്റ് ഗോഡൗണില്‍ തീപ്പിടിത്തം. വൈകീട്ട് മൂന്ന് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. പെയിന്റുകളും ടിന്നറുകളും സൂക്ഷിച്ചിരുന്നതിനാല്‍ തീ അതിവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു. ഗോഡൗണിലുണ്ടായിരുന്ന രണ്ട് ലോറികള്‍ കത്തിനശിച്ചു.

തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. പൂര്‍ണമായും തീയണക്കാന്‍ ഒരു ദിവസം കൂടി എടുക്കുമെന്ന് അഗ്നിശമനസേന അറിയിച്ചു. തീയണക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിലെ ആധുനിക സംവിധാനങ്ങളുള്ള അഗ്നിശമന വാഹനങ്ങള്‍ സ്ഥലത്തെത്തിച്ചിട്ടുണ്ട്.

ഗോഡൗണിലേക്ക് എത്തിയ ലോറിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. അപകടമുണ്ടായപ്പോള്‍ തന്നെ ഗോഡൗണിലെ ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ ആളപായമുണ്ടായില്ല. പൊട്ടിത്തെറിക്ക് സാധ്യതയുള്ളതിനാല്‍ സമീപത്തെ താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.

SHARE