അഗ്നിബാധ: കുട്ടികളെ താഴേക്ക് എറിഞ്ഞ് രക്ഷപ്പെടുത്തി മാതാപിതാക്കള്‍

ലണ്ടന്‍: അഗ്നിനാളങ്ങള്‍ നാവ് നീട്ടി വിഴുങ്ങിയ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടെ കണ്ടത് കരളുരുകും കാഴ്ചകള്‍. സ്വയം രക്ഷക്കായി ചിലര്‍ ആര്‍ത്തനാദം മുഴക്കിയും വെള്ളത്തൂവാലകളും മൊബൈല്‍ വെളിച്ചവും ടോര്‍ച്ച് ലൈറ്റും തെളിച്ച് അഗ്നിശമന സേനാ പ്രവര്‍ത്തകരുടെ ശ്രദ്ധ ആകര്‍ഷിച്ചപ്പോള്‍ മറ്റു ചിലര്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ രക്ഷക്കായിരുന്നു പ്രാധാന്യം കല്‍പിച്ചത്. ആറ് മക്കളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ട് മക്കള്‍ വെന്തു മരിച്ച അമ്മയുടെ ദീന രോധനം നടക്കുമ്പോള്‍ തന്നെ മറ്റു ചിലര്‍ തങ്ങളുടെ കുട്ടികളെ 10, 12 നിലകളില്‍ നിന്നും താഴെ നില്‍ക്കുന്ന രക്ഷാ പ്രവര്‍ത്തകരെ ലക്ഷ്യമാക്കി വിന്‍ഡോയിലൂടെ വലിച്ചെറിയുകയായിരുന്നു. 27 നിലകളുള്ള കെട്ടിടത്തെ അഗ്നി പൂര്‍ണമായും വിഴുങ്ങിയപ്പോള്‍ ദൃസാക്ഷികളായവര്‍ കണ്ടു നിന്നത് അതി ഭീതിതമായ കാഴചകളായിരുന്നു. അലര്‍ച്ചയും നെട്ടോട്ടവുമായിരുന്നു എവിടേയും കാണാനായതെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട കെട്ടിടത്തിലെ താമസക്കാരനായ മൈക്കല്‍ പരമശിവം പറഞ്ഞു. താന്‍ 21-ാം നിലയിലെ ഒരു സ്ത്രീയുമായി സംസാരിച്ചെന്നും അവര്‍ അവരുടെ ആറു മക്കളുമായി രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമത്തിനിടെ രണ്ടു കുട്ടികളെ നഷ്ടമായതായും അവരുടെ അതിദയനീയ ചിത്രമാണ് തന്റെ മുന്നിലിപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒമ്പതാം നിലയില്‍ നി്‌ന്നോ, പത്താം നിലയില്‍ നിന്നോ മാതാപിതാക്കള്‍ രക്ഷപ്പെടുത്താനായി എടുത്തെറിഞ്ഞ കുട്ടിയെ ദൃസാക്ഷികളിലൊരാള്‍ പിടിച്ച് രക്ഷപ്പെടുത്തിയതായി സമീറ ലംറാണി എന്ന മറ്റൊരു ദൃസാക്ഷി സാക്ഷ്യപ്പെടുത്തുന്നു. കെട്ടിടത്തെ അഗ്നിവിഴുങ്ങുമ്പോള്‍ ജനലുകള്‍ക്കു സമീപം രക്ഷ തേടി ദൈന്യതയോടെ നോക്കുന്നവരുടെ കാഴ്ച ഹൃദയം നുറുക്കുന്ന വേദനയോടെയാണ് കണ്ടു നിന്നതെന്നും അവര്‍ പറഞ്ഞു. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തുന്നുണ്ടെന്ന് പറഞ്ഞ് പല രൂപത്തിലും ആശ്വസിപ്പിക്കാന്‍ ശ്രമിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. മറ്റു ചിലര്‍ ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി ജനലിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കണ്ടതായും ദൃസാക്ഷികളില്‍ ചിലര്‍ പറയുന്നു. 22-ാം നിലയില്‍ നിന്നും ഒരു കൂട്ടി എടുത്ത് ചാടുന്നത് കണ്ടതായി പേരുവെളിപ്പെടുത്താത്ത ഒരു ദൃസാക്ഷി പറയുന്നു. ലോക വ്യാപാര സമുഛയം തകര്‍ന്നതിനു തുല്യമായ കാഴ്ചയെന്നായിരുന്നു രക്ഷപ്പെട്ടവരിലൊരാള്‍ പറഞ്ഞത്. നരകത്തില്‍ നിന്നും രക്ഷപ്പെട്ടുവെന്നായിരുന്നു മഹദ് ഏഗല്‍ എന്ന താമസക്കാരന്റെ പ്രതികരണം. ലിഫ്റ്റുകള്‍ അഗ്നിയില്‍ പൂര്‍ണമായും തര്‍ന്നതും കോണിപ്പടികള്‍പുകമൂടിയതും കാരണം പലര്‍ക്കും പുറത്തു കടക്കാനായില്ല. പുറത്തു കടന്നവര്‍ പരസ്പരം കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന കാഴ്ചയായിരുന്നു എവിടേയും. സെലിബ്രിറ്റികള്‍ മുതല്‍ ചര്‍ച്ച്, മുസ്്‌ലിം പള്ളികള്‍, സിഖ് ഗുരുദ്വാര എന്നിവിടങ്ങളില്‍ നിന്നെല്ലാം ഭക്ഷണവും വെള്ളവും എത്തിച്ച് ലണ്ടന്‍കാര്‍ രക്ഷപ്പെട്ടവരെ കൈമെയ് മറന്ന് സഹായിച്ചു. ഇനിയും കെട്ടിടത്തില്‍ നിരവധി പേര്‍ അകപ്പെട്ടിട്ടുണ്ടെന്ന ഭയത്താല്‍ ലണ്ടന്‍കാര്‍ ഉറങ്ങാതെ കാത്തിരിക്കുകയാണ്. അവസാനത്തെയാളേയും രക്ഷപ്പെടുത്തിയെന്ന വാര്‍ത്തക്കായി.

SHARE