കോവിഡ് -19 വ്യാജപ്രചരണം; ത്രിപുര മുഖ്യമന്ത്രി ബിപ്ലാബ് കുമാര്‍ ദേബിനെതിരെ എഫ്ഐആര്‍

ഗുവാഹത്തി: കോവിഡ് -19 പകര്‍ച്ചവ്യാധിയെക്കുറിച്ച് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ത്രിപുര മുഖ്യമന്ത്രി ബിപ്ലാബ് കുമാര്‍ ദേബിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

കോവിഡ് സംബന്ധിച്ച് വ്യാജ പ്രചരണം നടത്തിയെന്ന കുറ്റത്തിനാണ് മുന്‍ ത്രിപുര കോണ്‍ഗ്രസ് മേധാവിയും മുന്‍ എംഎല്‍എയുമായ ഗോപാല്‍ സി.എച്ച് റോയുടെ പരാതിയില്‍ അഗര്‍ത്തലയില്‍ ശനിയാഴ്ച ബിപ്ലബ് കുമാറിനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഏപ്രില്‍ രണ്ടിന് അഗര്‍ത്തലയിലെ ജി.ബി ആസ്പത്രിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ബിപ്ലബ് കുമാര്‍ തെറ്റായ വിവരങ്ങള്‍ പറഞ്ഞത്. മണിപ്പൂരില്‍ 19ഉം അസമിലെ കരിംഗഞ്ചില്‍ 16ഉം കോവിഡ് രോഗങ്ങള്‍ സ്ഥിരീകരിച്ചെന്നായിരുന്നു ത്രിപുര മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കണക്കില്‍ ഏപ്രില്‍ രണ്ട് വരെ കരിംഗഞ്ചില്‍ ഒന്നും മണിപ്പൂരില്‍ രണ്ടും കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ടു ചെയ്തത്. വ്യാജ വിവരങ്ങളും വാര്‍ത്തയും പ്രചരിപ്പിച്ചെന്ന കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിനെ 182, 505(1)(ബി) വകുപ്പുകള്‍ ചുമത്തിയാണ് ബിപ്ലബ് കുമാര്‍ ദേവിനെതിരെ എഫ്ഐആര്‍ രേഖപ്പെടുക്കിയത്.

എഫ്ഐആര്‍ ഫയല്‍ ചെയ്തതുമുതല്‍ കേസില്‍ അന്വേഷണം നടത്തേണ്ടതന്ന് പോലീസിനാണെന്ന് അഭിഭാഷകന്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. രേഖാമൂലമുള്ള പരാതിയോടൊപ്പം മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ വീഡിയോ ക്ലിപ്പിംഗും അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘നമ്മള്‍ വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നമ്മുടെ മുഖ്യമന്ത്രി തന്നെ വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്’ റോയ് പറയുന്നു.

ജനങ്ങളുടെ പൊതുതാല്‍പര്യങ്ങള്‍ കണക്കിലെടുത്താണ് എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ നിര്‍ബന്ധിതനായെതെന്നും റോയി പറഞ്ഞു.