കോടിയേരിയുടെ മകനെതിരായ പീഡനാരോപണം: എഫ്.ഐ.ആറില്‍ നിര്‍ണായക വിവരങ്ങള്‍

മുംബൈ: ബിഹാറിലെ ബലിയാ ജില്ലയിലെ റാണിഗഞ്ച് സ്വദേശിനി മാതാപിതാക്കളോടുമൊപ്പം ഏറെക്കാലമായി മുംബൈയിലാണ് താമസം. 25 വര്‍ഷം മുന്‍പ് പിതാവ് മരിച്ചതോടെ മാതാവിന്റെ സംരക്ഷണയിലായി. മുംബൈയില്‍ വെച്ചാണ് ഡാന്‍സ് പരിശീലിക്കുന്നത്. ദുബായിലെ മെഹ്ഫില്‍, ബര്‍ ദുബായ് എന്ന ഡാന്‍സ് ബാറില്‍ വെച്ചാണ് ബിനോയിയെ കാണുന്നത്. ബാറില്‍ എപ്പോള്‍ വന്നാലും ബിനോയിക്ക് യുവതിയുടെ മേല്‍ പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. പണം വാരിയെറിയാറുണ്ടായിരുന്നു. അങ്ങനെയാണ് ബിനോയിയുമായി യുവതി പരിചയപ്പെടുന്നത്. പിന്നീട് ഫോണ്‍ വിളി പതിവായി. കേരളത്തിലാണ് വീട്, കണ്‍സ്ട്രക്ഷന്‍ ബിസിനസാണ് എന്നാണ് ബിനോയി പറഞ്ഞിരുന്നത്. സ്ഥിരമായി വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കൊണ്ടു വരുമായിരുന്നു.
ഡാന്‍സ് ബാറിലെ ജോലി നിര്‍ത്തിയാല്‍ വിവാഹം കഴിക്കാമെന്ന് ബിനോയ് വാഗ്ദാനം ചെയ്തു. 2009 ഒക്ടോബറില്‍ ബിനോയിയുടെ ദുബായിലെ ഫഌറ്റില്‍ എത്തി. അന്നും വിവാഹ വാഗ്ദാനം ബിനോയ് ആവര്‍ത്തിച്ചു. ബിനോയിയുമായി ശാരീരിക ബന്ധം പുലര്‍ത്തുകയും ചെയ്തു. പിന്നീട് പല തവണ ബന്ധപ്പെട്ടു. ബിനോയിയുടെ ഫഌറ്റില്‍ താമസിച്ചാണ് യുവതി ബാറിലെ ജോലി തുടര്‍ന്നത്.
ഗര്‍ഭിണിയായതോടെ ദുബായില്‍ നിന്നും മുംബൈയിലേക്ക് മടങ്ങി അന്ധേരി ഈസ്റ്റിലെ ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ തങ്ങി. മാതാവിനെയും സഹോദരിമാരെയും ബിനോയിയുമൊന്നിച്ച് കണ്ടു. വിവാഹം കഴിക്കാനുള്ള സന്നദ്ധത ബിനോയ് മാതാവിനെയും അറിയിച്ചു. അവര്‍ക്ക് ബിനോയ് തന്ന മുംബൈയില്‍ ഒരു ഫഌറ്റ് വാടകക്കെടുത്ത് നല്‍കി. അവിടെയും ഇടക്കിടെ കാണാന്‍ എത്തി. രണ്ട് മൂന്ന് ദിവസം വരെ മുംബൈയിലെ ഫഌറ്റില്‍ വന്ന് നില്‍ക്കാറുണ്ടായിരുന്നു.
2010 സെപ്തംബര്‍ 22 ന്, ബെല്ലെവില്‍ ആസ്പത്രിയില്‍ വെച്ച് കുഞ്ഞ് പിറന്നു. ഈ ബന്ധം 2015 വരെ തുടര്‍ന്ന് പോയെങ്കിലും വിവാഹത്തെപ്പറ്റി ചര്‍ച്ച വരുമ്പോഴൊക്കെ ബിനോയ് എന്തെങ്കിലും പറഞ്ഞ് വിഷയം മാറിക്കൊണ്ടിരുന്നു. 2015ല്‍ ബിനോയ് താന്‍ പാപ്പരായെന്നും ഇനിയും പണം നല്‍കാന്‍ സാധിക്കില്ലെന്നും അറിയിച്ചു. മുംബൈയിലേക്കുള്ള വരവും നിലച്ചു. 2018 ജനുവരിയിലാണ് ബിനോയ് വിവാഹിതനാണ് എന്ന സത്യം ഫേസ്ബുക്കിലൂടെ അറിയുന്നത്. അതേപ്പറ്റി ചോദിച്ചപ്പോള്‍ വഴക്കിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബിനോയുമായി 2009 ഒക്ടോബര്‍ മുതല്‍ 2015 വരെ ബന്ധമുണ്ടായിരുന്നുവന്നും എഫ്.ഐ.ആറില്‍ പറയുന്നു.

SHARE