100 കോടിക്ക് 15 കോടി; വിവാദ പ്രസംഗം നടത്തിയ എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താനെതിരെ കേസെടുത്തു

ബെംഗളൂരു: രാജ്യത്തെ ഭൂരിപക്ഷം വരുന്ന 100 കോടിക്ക് 15 കോടി സമൂഹം വേണ്ടുവോളമാണെന്ന വിവാദ പ്രസംഗം നടത്തിയ എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താനെതിരെ കേസ്. കലാപത്തിനുള്ള ആഹ്വാനം ഉള്‍പ്പെടെയുള്ള 117, 153, 153 എ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കര്‍ണാടകയിലെ കലബുറഗിയിലാണ് ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു അഭിഭാഷകന്റെ പരാതിയിലാണ് എഐഎംഐഎം നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിനെതിരായ ന്യൂനപക്ഷവിഭാഗത്തിന്റെ പ്രതിഷേധത്തെ എതിര്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി നടത്തിയ വാരിസ് പത്താന്റെ പരാമര്‍ശമമാണ് വിവാദമായത്. ഉത്തര കര്‍ണാടകയിലെ കലബുറഗിയില്‍ ഒരു പൗരത്വ ഭേദഗതി പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു വാരിസ് പത്താന്റെ വിവാദ പ്രസ്താവന. നൂറ് കോടി ജനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ 15 കോടി വരുന്ന നമ്മുടെ സമൂഹം മതിയെന്ന പരാമര്‍ശമാണ് വിവാദമായത്.

പത്താന്റെ പ്രസംഗത്തിന്റെ ഒരു വീഡിയോയില്‍ വൈറലായി എന്ന് പറയുന്നത് കേള്‍ക്കാം.

”മുന്‍നിരയില്‍ സ്ത്രീകളെ അണിനിരത്തിയെന്ന് അവര്‍ പറയുന്നു. പെണ്‍സിംഹങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്, എന്നിട്ടും നിങ്ങള്‍ വിയര്‍ക്കുകയാണ് എന്നാണ് എനിക്ക് പറയാനുള്ളത്. നമുക്ക് ഒരുമിച്ച് നീങ്ങേണ്ടതുണ്ട്. നാം ചോദിക്കാതെ കിട്ടുന്ന കാര്യങ്ങളില്‍ നിന്ന് നമുക്ക് സ്വാതന്ത്ര്യം വേണം. നമുക്ക് ഇത് ബലം പ്രയോഗിച്ച് നേടേണ്ടതുണ്ട്. ഞങ്ങള്‍ എല്ലാവരും ഒന്നിച്ചുവന്നാല്‍ എന്താണുണ്ടാകുക എന്ന് നിങ്ങള്‍ക്കറിയാം. ഓര്‍ക്കുക, നമ്മള്‍ 15 കോടി മാത്രമെ ഉണ്ടാകൂ. പക്ഷേ അത് ഭൂരിപക്ഷം വരുന്ന 100 കോടിയേക്കാള്‍ ശക്തമായ കൂട്ടമാണ്’ ഫെബ്രുവരി 16ന് നടന്ന പൊതുചടങ്ങില്‍ പത്താന്‍ പറഞ്ഞു.

അതേസമയം, തന്റെ പ്രസംഗത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയ ഒരു ഭാഗം ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തുകയാണെന്നാണ് പത്താന്റെ വാദം.
എന്നാല്‍, പ്രസംഗം വിവാദമായതോടെ എഐഎംഐഎം വാരിസ് പഠാനില്‍ നിന്ന് വിശദീകരണം തേടി. വാരിസ് പഠാന്റെ നിലപാട് തള്ളിയ പാര്‍ട്ടി മഹാരാഷ്ട്ര ഘടകം ഈ പ്രസ്താവനയെ തങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്നും വ്യക്തമാക്കി.