താന്‍ എന്താണ് കഴിക്കുന്നതെന്ന് ഇന്ത്യയോട് പറയുകയല്ല ധനമന്ത്രിയുടെ ജോലി: രാഹുല്‍ ഗാന്ധി

കോഴിക്കോട്: നിത്യോപയോഗ സാധനങ്ങള്‍ക്ക് വരെ വില കുത്തനെ ഉയര്‍ന്ന് രാജ്യത്ത് സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരന്റെ സ്ഥിരം ഭക്ഷത്തില്‍പെട്ട ഉള്ളിയുടെ വില റെക്കോര്‍ഡിലേക്ക് കടക്കുമ്പോഴും കടക്കുമ്പോഴും അസാധാരണ പ്രതികരണവുമായി എത്തിയ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമനെതിരെ രൂക്ഷ വിമര്‍ശനുമായി രാഹുല്‍ ഗാന്ധി.

താന്‍ എന്താണ് കഴിക്കുന്നതെന്ന് ഇന്ത്യയോട് പറയുകയല്ല ധനമന്ത്രിയുടെ ജോലിയെന്ന് രാഹുല്‍ രൂക്ഷമായി പ്രതികരിച്ചു.
ധനമന്ത്രി അടിസ്ഥാനപരമായി കഴിവില്ലാത്തവളാണെന്നും രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്ക് അറിയില്ല എന്നതാണ് വസ്തുതയെന്നും രാഹുല്‍ തുറന്നടിച്ചു. തന്റെ മണ്ഡലമായ വയനാട്ടില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശത്തിനെത്തിയ രാഹുല്‍ ഗാന്ധി എംപി, മുക്കത്ത് സംസാരിക്കുന്നതിനിടെയാണ് ധനകാര്യ മന്ത്രിക്കെതിരെ തുറന്നടിച്ചത്.

ഇന്ത്യയിലെ ഇന്നത്തെ സമ്പദ്‌വ്യവസ്ഥ എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയുടെ ചുമതലയില്‍ കഴിവുള്ളവരെ ഉള്‍പ്പെടുത്തുമെന്ന് യുപിഎ വിശ്വസിച്ചു. 10-15 വര്‍ഷത്തിനിടെ യുപിഎ നിര്‍മ്മിച്ചെടുത്ത ഇന്ത്യയുടെ ശക്തി ഇവരാല്‍ നശിപ്പിക്കപ്പെട്ടുവെന്നും രാഹുല്‍ പറഞ്ഞു.
രാജ്യത്തെ ധനമന്ത്രിയോട് ഉള്ളി വിലയെക്കുറിച്ച് ചോദിക്കുമ്പോള്‍, ഉള്ളിയും വെളുത്തുള്ളിയും താന്‍ കഴിക്കുന്നില്ലെന്ന് ഉത്തരം അവരുടെ അഹങ്കാരമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഉള്ളിയുടെ വില റെക്കോര്‍ഡിലേക്ക് കടക്കുമ്പോള്‍ വിലക്കയറ്റത്തെ സംബന്ധിച്ച് പാര്‍ലമെന്റിലായിരുന്നു കേന്ദ്ര ധനകാര്യമന്ത്രിയുടെ അസാധാരണ പ്രതികരണം. ഉള്ളിയുടെ വില വര്‍ധന തന്നെ വ്യക്തിപരമായി ബാധിക്കില്ലെന്നും തന്റെ വീട്ടില്‍ അധികം ഉള്ളി ഉപയോഗിക്കാറില്ലെന്നുമായിരുന്നു നിര്‍മലയുടെ മറുപടി.

ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ട് ഒരു പ്രശ്‌നവുമില്ല. ഉള്ളി അധികം ഉപയോഗിക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നതെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശം സഭയിലെ മറ്റംഗങ്ങളില്‍ ചിരി പടര്‍ത്തി. രാജ്യത്ത് ഉള്ളി വില വര്‍ധിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികള്‍ ധനമന്ത്രി വിശദീകരിക്കവേയാണ് ഈ പരാമര്‍ശമുണ്ടായത്.

ഉള്ളിയടക്കമുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം പാര്‍ലമെന്റിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഐ.എന്‍.എക്‌സ് മീഡിയ ഇടപാട് കേസില്‍ ജാമ്യത്തിലെത്തിയ മുന്‍ കേന്ദ്ര ധനമന്ത്രിയും എംപിയുമായ പി ചിദംബരവും നിര്‍മലക്കെതിരെ രൂക്ഷമായി പ്രതികരിച്ചു. ഉള്ളികഴിക്കാതെ പിന്നെ അവര്‍ കഴിക്കുന്നത് വെണ്ണപ്പഴമാണോ എന്നായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.

അതേസമയം, വയനാട്ടില്‍ കരുവാരക്കുണ്ട് ജിഎച്ച്എസ് സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനെത്തിയ രാഹുൽ ഗാന്ധിയുടെ  പ്രസംഗം മലയാളത്തിലേക്ക് തർജ്ജമ ചെയ്യാനെത്തിയ  പ്ലസ് ടു വിദ്യാർത്ഥിനി  സഫ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ താരമായി  . തന്റെ പ്രസംഗം പരിഭാഷപ്പെടുത്താൻ വിദ്യാർഥികളിലാരെങ്കിലും സ്റ്റേജിലേക്ക് വരാമോ എന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന്  പിന്നാലെയാണ് സഫ വേദിയിലെത്തിയത്. ‘‘There is no foolish question or wrong question എന്ന രാഹുലിന്റെ വാചകത്തിന് ‘മണ്ടൻ ചോദ്യമെന്നോ പൊട്ട ചോദ്യമെന്നോ ഒരു സംഭവമില്ല’ എന്നായിരുന്നു  സഫയുടെ പരിഭാഷ. ലളിതവും സുന്ദരവുമായി തന്റെ പ്രസംഗം മലയാളത്തിലേക്ക് പകർത്തിയ മിടുക്കിയ്ക്ക് രാഹുൽ നന്ദിയറിയിച്ചുകൊണ്ട് ഒരു ചോക്കലേറ്റും സമ്മാനം നൽകി.