കൊവിഡ് 19 ആശങ്ക: ജര്‍മ്മന്‍ ധനമന്ത്രി ആത്മഹത്യ ചെയ്തു

ഫ്രാങ്ക്ഫര്‍ട്ട്: കൊവിഡ് 19 എന്ന നോവല്‍ കൊറോണ വൈറസ് ലോകത്തെയാകമാനം ആശങ്കയിലാഴ്്ത്തിയിരിക്കെ വ്യാപനത്തെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായ ജര്‍മ്മന്‍ ധനമന്ത്രി ആത്മഹത്യ ചെയ്തു. ജര്‍മ്മനിയിലെ ഹെസി സ്റ്റേറ്റിലെ ധനകാര്യ മന്ത്രിയായ തോമസ് ഷാഫര്‍ ആണ് ആത്മഹത്യ ചെയ്തത്. വൈറസ് ബാധമൂലം രാജ്യത്തുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്കപ്പെട്ടാണ് മന്ത്രിയുടെ ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

വാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ് രാജ്യമെന്നും സംഭവം ഇപ്പോഴും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ലെന്നും സ്റ്റേറ്റ് പ്രീമിയര്‍ വോള്‍ക്കര്‍ ബൗഫിയര്‍ പ്രതികരിച്ചു. സാമ്പത്തിക മേഖലകളില്‍ സംഭവിക്കാന്‍ സാധ്യതതയുള്ള ഇടിവിനെക്കുറിച്ച് ഇദ്ദേഹം ആശങ്കകള്‍ പങ്കുവെച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷമായി ഹെസിയുടെ ധനകാര്യ മന്ത്രിയായിരുന്നു തോമസ്. പ്രതിസന്ധി ഘട്ടത്തില്‍ തൊഴിലാളികളുടെയും കന്പനികളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിച്ച നേതാവാണ് ഷാഫറെന്നും കൊവിഡിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും വോള്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

റെയില്‍വേ ട്രാക്കില്‍നിന്നാണ് 54കാരനായ തോമസ് ഷാഫറിന്റെ മൃതദേഹം കണ്ടെത്തിയത്.

ജര്‍മ്മനിയില്‍ ഇതേവരെ 61000ത്തില്‍പരം ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 450 ല്‍ അധികം മരണവും സംഭവിച്ചിട്ടുണ്ട്. അതേസമയം പതിനായിരത്തോളം പേര്‍ ഇതിനകം സുഖം പ്രാപിച്ചതായുമാണ് കണക്ക്. ഫെബ്രുവരി 15നാണ് ജര്‍മനിയില്‍ ആദ്യ കോവിഡ് 19 കേസ് സ്ഥിരീകരിച്ചത്.

SHARE