രാമക്ഷേത്രത്തിനായുള്ള പോരാട്ടം സ്വാതന്ത്ര്യ സമരം പോലെയെന്ന് മോദി

ലക്നൗ: അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള പോരാട്ടം സ്വാതന്ത്ര്യസമരം പോലെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തലമുറകളുടെ ജീവത്യാഗം ഫലം കണ്ടുവെന്നും ക്ഷേത്രം ത്യാഗത്തിന്റെയും നിശ്ചദാര്‍ഢ്യത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം മുഴുവന്‍ ഇന്ന് ശ്രീരാമനില്‍ മുഴുകിയിരിക്കുകയാണ്. ലോകമെമ്പാടും അതു പ്രതിദ്ധ്വനിക്കുന്നുണ്ട്. രാമക്ഷേത്രം നമ്മുടെ പാരമ്പര്യത്തിന്റെ ആധുനിക മാതൃകയായി മാറും. നമ്മുടെ ഭക്തിയുടെയും ദേശവികാരത്തിന്റെയും മാതൃകയാകും. കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ഒറ്റക്കെട്ടായ ദൃഢനിശ്ചയത്തിന്റെ കരുത്തിനെ പ്രതീകവത്കരിക്കും. ഭാവിതലമുറയെ പ്രചോദിതരാക്കും- അദ്ദേഹം അവകാശപ്പെട്ടു.

ഗോവര്‍ധനപര്‍വതം ഉയര്‍ത്താന്‍ ശ്രീകൃഷ്ണനെ കുട്ടികള്‍ സഹായിച്ചതുപോലെ, സ്വാതന്ത്ര്യം നേടാന്‍ ഗാന്ധിജിയെ ഇന്ത്യയിലെ ജനങ്ങള്‍ പിന്തുണച്ചതുപോലെ എല്ലാവരുടേയും പ്രയത്നത്താലാണ് രാമക്ഷേത്രനിര്‍മാണത്തിന് ആരംഭംകുറിച്ചിരിക്കുന്നത്. അയോധ്യയില്‍ ഉയരുന്ന രാമക്ഷേത്രം ശ്രീരാമന്റെ നാമം പോലെ സമ്പന്നമായ ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കും. രാമനെ എപ്പോഴെല്ലാം മാനവരാശി വിശ്വസിച്ചിട്ടുണ്ടോ അപ്പോഴെല്ലാം പുരോഗതിയുണ്ടായിട്ടുണ്ട്. എന്ന് വ്യതിചലിച്ചോ അന്നെല്ലാം നാശത്തിന്റെ വാതില്‍ തുറന്നിട്ടുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂമിപൂജയ്ക്ക് ശേഷം 40 കിലോ ഗ്രാം തൂക്കമുള്ള വെള്ളിശില സമര്‍പ്പിച്ചാണ് മോദി ശിലാന്യാസം നടത്തിയത്. രാജ്യത്തിന്റെ മുഴുവന്‍ പ്രതിനിധിയെന്ന നിലയില്‍ രാജ്യത്തിന്റെ സര്‍വൈശ്വര്യങ്ങള്‍ക്കും വേണ്ടിയാണ് ഈ ക്ഷേത്രനിര്‍മാണത്തിന് തുടക്കം കുറിയ്ക്കുന്നതെന്ന് മോദി പറഞ്ഞു.

മോദിക്ക് പിന്നാലെ, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊണ്ടുവന്ന ഒമ്പത് ശിലകള്‍ കൂടി സ്ഥാപിച്ചു.

SHARE