സബാഷ് സൂപ്പര്‍ ഇറാന്‍; മുഴുവന്‍ മല്‍സരങ്ങളും ജയിച്ച് ഇറാനിയന്‍ കുതിപ്പ്

Players of Iran Younes Delfi celebrate the secound goal against Germany during the U17 World cup 2017 held at PJ N Stadium., Goa. Express photo by Kevin DSouza, 10-10-2017.

മഡ്ഗാവ്: അതിവേഗം ബഹുദൂരം മുന്നേറുകയാണ് ഇറാന്‍….ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് സിയില്‍ മുഴുവന്‍ മല്‍സരങ്ങളും വിജയിച്ച ഇറാനികള്‍ ഒന്നാമന്മാരായി. വടക്കേ അമേരിക്കയില്‍ നിന്നുമെത്തിയ കോസ്റ്റാറിക്കക്കാരെ മൂന്ന് ഗോളിനാണ് ഇന്നലെ ഇറാന്‍ മുക്കിയത്. തോല്‍വിയോടെ മൂന്ന് മല്‍സരങ്ങളില്‍ നിന്ന് കേവലം ഒരു പോയന്റുമായി കോസ്റ്റാറിക്ക പുറത്തായി. ഒന്നാം പകുതിയില്‍ പിറന്ന രണ്ട് പെനാല്‍ട്ടി കിക്കുകളും രണ്ടാം പകുതിയിലെ സൂപ്പര്‍ ഗോളുമാണ് ഇറാന്റെ മേധാവിത്വത്തിന് അടിവരയിട്ടത്. ക്യാപ്റ്റന്‍ മുഹമ്മദ് ഗോബ്‌സാവിയാണ് ആദ്യ പെനാല്‍ട്ടി കിക്ക് ഗോളാക്കി മാറ്റിയത്. നാല് മിനുട്ടിന് ശേഷം ലഭിച്ച പെനാല്‍ട്ടി കിക്ക് താഹ ഷര്‍സാതി ഗോളാക്കി മാറ്റി. രണ്ടാം പകുതിയിലും ഇറാന്റെ ആധിപത്യം പ്രകടമായിരുന്നു. ഏഷ്യന്‍ ശക്തിയുടെ ഒരേ ഒരു നിരാശ ക്യാപ്റ്റന്‍ മുഹമ്മദ് ഇന്നലെയും മഞ്ഞക്കാര്‍ഡ് കണ്ടതാണ്. കഴിഞ്ഞ മല്‍സരത്തിലും ബുക്ക് ചെയ്യപ്പെട്ടതിനാല്‍ പ്രി ക്വാര്‍ട്ടര്‍ പോരാട്ടം നായകന് നഷ്ടമാവും.

അതിവേഗം, ബഹുദൂരം

ഫുട്‌ബോള്‍ ലോകത്തെ അതികായന്മാരായ ബ്രസീലിനും ജര്‍മനിക്കുമൊന്നുമില്ലാത്തൊരു റെക്കോര്‍ഡ് ഒരു ഏഷ്യന്‍ രാജ്യത്തിനുണ്ട്-2016-17 വര്‍ഷത്തില്‍ ഫിഫ നടത്തിയ അഞ്ച് ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് യോഗ്യത നേടുക എന്ന അത്യപൂര്‍വ്വ ബഹുമതി സ്വന്തമാക്കിയിരിക്കുന്നത് മറ്റാരുമല്ല-ഇറാനാണ്…! ഇന്ത്യയില്‍ ഇപ്പോള്‍ പുരോഗമിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഉള്‍പ്പെടെ ഫിഫയുടെ എല്ലാ സമീപകാല ചാമ്പ്യന്‍ഷിപ്പുകളിലും ഗംഭീര പ്രകടനമാണ് ഇറാന്‍ നടത്തുന്നത്. അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിന് ഏഷ്യയില്‍ നിന്നും യോഗ്യത ഉറപ്പാക്കിയ ആദ്യ ടീമെന്ന ബഹുമതിക്ക് പിറകെ ഫിഫ അണ്ടര്‍ 20, ഫിഫ ഫൂട്‌സാല്‍, ഫിഫ ബീച്ച് ഫുട്‌ബോള്‍ എന്നീ ചാമ്പ്യന്‍ഷിപ്പുകളിലും ഇറാന്‍ മിന്നുന്ന പ്രകടനമാണ് നടത്തിയത്.

പോര്‍ച്ചുഗീസുകാരനായ കാര്‍ലോസ് ക്വിറസ് പരിശീലിപ്പിക്കുന്ന സീനിയര്‍ സംഘം റഷ്യന്‍ ടിക്കറ്റ് നേടിയത് യോഗ്യതാ റൗണ്ടില്‍ കളിച്ച പതിനെട്ട് മല്‍സരങ്ങളില്‍ ഒന്നില്‍ പോലും പരാജയമറിയാതെയാണ്. അഞ്ചാം ലോകകപ്പിന് അവര്‍ ടിക്കറ്റ് സ്വന്തമാക്കിയത് യോഗ്യതാ റൗണ്ടില്‍ രണ്ട് മല്‍സരങ്ങള്‍ ശേഷിക്കവെയാണ്. 1978,1998,2006,2014 ലോകകപ്പുകളില്‍ പങ്കെടുത്ത ഇറാന് ഇത്തവണയാണ് വലിയ പ്രതീക്ഷകള്‍.

ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ഫുട്‌ബോളില്‍ ഇതിനകം കളിച്ച രണ്ട് മല്‍സരങ്ങളിലും ഞെട്ടിക്കുന്ന വിജയമാണ് ടീം സ്വായത്തമാക്കിയത്. ആദ്യ മല്‍സരത്തില്‍ ഗുനിയയെ 3-1ന് തരിപ്പണമാക്കിയവര്‍ രണ്ടാം മല്‍സരത്തിലാണ് സത്യത്തില്‍ ഞെട്ടിച്ചത്. സീനിയര്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഇറാന്‍ തകര്‍ത്തത്. കൊറിയയില്‍ നടന്ന അണ്ടര്‍ 20 യില്‍ കോസ്റ്റാറിക്ക ഉള്‍പ്പെടെയുള്ള ശക്തരെ പരാജയപ്പെടുത്തിയിരുന്നു ഇറാന്‍. ബഹമാസില്‍ നടന്ന ഫിഫ ബിച്ച് ഫുട്‌ബോളിലും കൊളംബിയയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഫിഫ ഫൂട്‌സാലിലും ഇറാന്‍ ഗംഭീര പ്രകടനം നടത്തിയിരുന്നു.

SHARE