ഫിദല്‍ കാസ്‌ട്രോയെ അനുസ്മരിക്കാന്‍ സര്‍ക്കാര്‍ ധൂര്‍ത്ത്; ചെലവഴിച്ചത് 28 ലക്ഷം രൂപ


തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഫിദല്‍ കാസ്ട്രോയെ അനുസ്മരിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവഴിച്ചത് 28 ലക്ഷത്തിലേറെ രൂപ. പൊതുഭരണ വകുപ്പ് (പൊളിറ്റിക്കല്‍) വകുപ്പ് ധനവകുപ്പിന്റെ അനുമതി തേടാതെയാണ് പണം ചെലവഴിച്ചത്. 2016 നവംബര്‍ 29നായിരുന്നു അനുസ്മരണ പരിപാടി. വിവരാവകാശ പ്രവര്‍ത്തകനും കൊച്ചി സ്വദേശിയുമായ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് ലഭിച്ച രേഖകളാണ് ഈ ധൂര്‍ത്ത് വെളിപ്പെടുത്തിയത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ സ്റ്റേജ് അലങ്കാരത്തിനും ഇവന്റ് മാനേജമെന്റ് നടത്തിപ്പിനുമായി 1,07,500 രൂപയാണ് ചെലവഴിച്ചത്. ക്ഷണക്കത്ത് അച്ചടിക്കാനും വിതരണത്തിനും ചെലവഴിച്ചത് 30,245 രൂപ. 70 പത്രങ്ങള്‍ക്കാണ് പരിപാടിയുടെ പരസ്യം നല്‍കിയത്. ഇതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും 26,60,082 രൂപയാണ് ചെലവാക്കിയത്. 2017 മെയ് ഒമ്പതിന് ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് (സി) വകുപ്പ് നല്‍കിയ വിവരാവകാശ മറുപടിയില്‍ (നം: 4384/സി2/2017/ ഐ & പി ആര്‍) മാധ്യമങ്ങളുടെ ലിസ്റ്റും ബില്‍ സമര്‍പ്പിച്ച മാധ്യമങ്ങള്‍ക്ക് 2,32,560 രൂപ അനുവദിച്ചു എന്നും അവകാശപ്പെടുന്നു.

SHARE