കൊള്ളേണ്ടിടത്ത് കൊണ്ടു; ഗൂഢസംഘം ആരെന്ന് നീരജ് മാധവ് വെളിപ്പെടുത്തണം, വിശദീകരണം ആവശ്യപ്പെട്ട് ഫെഫ്ക അമ്മക്ക് കത്ത് നല്‍കി

കൊച്ചി: മലയാളസിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞ നടന്‍ നീരജ് മാധവിനെതിരെ ഫെഫ്ക രംഗത്ത്. മലയാള സിനിമയില്‍ വളര്‍ന്നു വരുന്ന അഭിനേതാക്കളെ മുളയിലെ നുള്ളുന്ന ഗൂഢസംഘം ആരെന്ന് നടന്‍ നീരജ് മാധവ് വെളിപ്പെടുത്തണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ഫെഫ്ക താരങ്ങളുടെ സംഘടനയായ അമ്മയക്ക് കത്ത് നല്‍കി. ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണത്തിന് പിന്നാലെയാണ് മലയാള സിനിമാമേഖലയിലെ സ്വജനപക്ഷപാതം തുറന്നുപറഞ്ഞ് നീരജ് മാധവ് രംഗത്തെത്തിയത്.

മലയാള സിനിമയിലും ചില അലിഖിത നിയമങ്ങള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കിയ നീരജ് വളര്‍ന്നു വരുന്ന അഭിനേതാക്കളെ മുളയിലെ നുള്ളുന്ന ഗൂഢസംഘം മലയാള സിനിമയിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഫെഫ്കയുടെ പ്രതികരണം. ഈ സംഘം ആരെന്ന് നീരജ് വെളിപ്പെടുത്തണം. അങ്ങനെയുളളവരെ ഒഴിവാക്കാന്‍ ഒപ്പം നില്‍ക്കും. നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം ഉണ്ടെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അമ്മയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

സിനിമയിലെ ഹെയര്‍ ഡ്രസര്‍മാരുടെ പകുതി പ്രതിഫലമാണ് ആദ്യകാലത്ത് ഉണ്ടായിരുന്നതെന്നും നീരജ് പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇത് സ്ത്രീവിരുദ്ധമാണ്. നടന്മാരെ മുളയിലേ നുള്ളിക്കളയുന്ന സംഘം മലയാളസിനിമയിലുണ്ടെന്നും നീരജ് പറഞ്ഞിരുന്നു. അത്തരം സംഘങ്ങള്‍ സിനിമയിലുണ്ടെങ്കില്‍ അവയെ ഇല്ലാതാക്കേണ്ടത് മലയാള സിനിമയിലെ ട്രേഡ് യൂണിയനുകളുടെ കടമയാണെന്നും കത്തില്‍ പറയുന്നു. സ്വജനപക്ഷപാതവും ഒതുക്കലും കാരണമാണ് നടന്‍ സുശാന്ത് സിങ് മരണത്തിന് കീഴടങ്ങിയതെന്നാണ് പരക്കെയുള്ള ആരോപണം. ഈ സാഹചര്യത്തിലാണ് മലയാള സിനിമാമേഖലയിലെ അടക്കം വിവേചനങ്ങള്‍ പുറത്തുവരുന്നത്.

SHARE