മഞ്ജുവിന്റെ പരാതി; ശ്രീകുമാര്‍ മേനോനെതിരെ നടപടി എടുക്കാനാവില്ലെന്ന് ഫെഫ്ക

കൊച്ചി: നടി മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടപടിയെടുക്കാനാവില്ലെന്ന് ഫെഫ്ക്ക. ശ്രീകുമാര്‍ മേനോന്‍ ഫെഫ്ക്കയില്‍ അംഗമല്ലാത്തതിനാല്‍ ശ്രീകുമാറിനോട് വിശദീകരണം ചോദിക്കാനാവില്ലെന്ന് ഫെഫ്ക്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. താരസംഘടന അമ്മക്കും മഞ്ജുവാര്യര്‍ പരാതി നല്‍കിയിട്ടുണ്ട്.

മഞ്ജു സഹപ്രവര്‍ത്തകയാണ്. തൊഴില്‍പരമായ സുരക്ഷിതത്വം നല്‍കാന്‍ എല്ലാവരും ശ്രദ്ധിക്കണം. പൊലീസ് അന്വേഷണം നടക്കുകയാണ്. ഈ ഘട്ടത്തില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ശ്രീകുമാര്‍ മേനോനെതിരെ ഡി.ജി.പിക്കാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും ഒടിയന്‍ സിനിമ ഇറങ്ങിയതിന് ശേഷമുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആണെന്നും ഡി.ജി.പിക്ക് നല്‍കിയ പരാതി കത്തില്‍ പറയുന്നു. ഡി.ജി.പിയെ നേരില്‍ കണ്ടാണ് മഞ്ജു പരാതി സമര്‍പ്പിച്ചത്. പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ഡി.ജി.പി അറിയിച്ചു.