മൂന്ന് ഞെട്ടിക്കുന്ന തോല്‍വികള്‍ക്ക് ശേഷം സീക്കോയുടെ ഗോവക്കാര്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു. അവരെ എഴുതിത്തള്ളാനായിട്ടില്ല. അഞ്ച് മാറ്റങ്ങള്‍ വരുത്തയതിന്റെ ഗുണം കൊല്‍ക്കത്തയിലെ പോരാട്ടവേദിയില്‍ പ്രകടമായി. പെനാല്‍ട്ടി കിക്കിലൂടെയാണെങ്കിലും ഒരു ഗോള്‍, വിജയമര്‍ഹിച്ച സമനിലയിലൂടെ ഒരു പോയന്റ്-ജോഫ്രെയും റാഫേല്‍ കോയ്ലോയും റോബിന് സിംഗുമെല്ലാം വേഗതയിലും ആക്രമണത്തിലും പ്രതിയോഗികളെ കായികമായി നേരിടുന്നതിലും വിജയിച്ച കാഴ്ച്ചയില്‍ പോയ സീസണിലെ രണ്ടാം സ്ഥാനക്കാര്‍ മടങ്ങാനായിട്ടില്ല. നോര്‍ത്ത് ഈസ്റ്റുകാരോട് രണ്ട് ഗോളിനും പൂനെക്കാരോട് ഒരു ഗോളിനും ചാമ്പ്യന്മാരായ ചെന്നൈയോട് രണ്ട്് ഗോളിനും തല താഴ്ത്തി ടേബിളിലെ അവസാന സ്ഥാനത്തായ ടീമില്‍ നിന്നുമുള്ള ഇത്തരത്തിലൊരു തിരിച്ചുവരവ് കൊല്‍ക്കത്തക്കാര്‍ പ്രതീക്ഷിച്ചിരുന്നില്ല. പ്രത്യേകിച്ച് മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ സമീഗ് ദ്യുതിയുടെ ഗോള്‍ അവരുടെ വലയില്‍ വീണപ്പോള്‍. കഴിഞ്ഞ മൂന്ന് മല്‍സരങ്ങളിലും ഗോളില്‍ തളര്‍ന്ന ടീം പക്ഷേ ഇത്തവണ സടകുടഞ്ഞെഴുന്നേല്ക്കുകയായിരുന്നു. സമീപനത്തിലെ ഈ മാറ്റം കളി ആവേശകരമാക്കി. കഴിഞ്ഞ ദിവസം കണ്ട നോര്‍ത്ത് ഈസ്റ്റ്-ഡല്‍ഹി അങ്കം പോലെ പന്ത് ഇരു ഹാഫിലേക്കും കയറിയിറങ്ങി. തകര്‍പ്പന്‍ പാസുകളും ഷോട്ടുകളും കളം നിറഞ്ഞു. രണ്ട് ഗോള്ക്കീപ്പര്മാര്ക്കും പിടിപ്പത് ജോലിയുമായപ്പോള്‍ റഫറി പലവട്ടം ഇടപ്പെട്ടു. രണ്ട് ചുവപ്പു കാര്‍ഡുകള്‍ കാണിക്കാനും അദ്ദേഹം നിര്‍ബന്ധിതനായിട്ടും പോരാട്ടവീര്യം കുറഞ്ഞില്ല. ദക്ഷിണാഫ്രിക്കന്‍ ഗോളടി യന്ത്രമായ സമീഗ് നുഴഞ്ഞ്കയറ്റത്തില് മിടുക്കനായിരുന്നെങ്കിലും പന്ത് കൂട്ടുകാര്രക്ക് നല്കുന്നതില് വിജയിച്ചില്ല. കഴിഞ്ഞ മല്‍സരങ്ങളില്‍ നിര്‍ണായകമായ ഗോളുകള്‍ നേടിയ ഹാവി ലാറക്ക് ഗോവന്‍ പെനാല്‍ട്ടി ബോക്സിന് സമീപമായി മൂന്ന് ഫ്രീകിക്കുകള്‍ ലഭിച്ചു. അതിലൊന്ന് ഗോവയുടെ പുതിയ ഗോള്‍ക്കീപ്പര്‍ സുഭാഷ് റോയ് ചൗധരി കുത്തിയകറ്റിയെങ്കില് ലാറയിലെ അനുഭവ സമ്പന്നന് അടുത്ത രണ്ട് ഷോട്ടിലും അപകടമുയര്ത്താനായില്ല.
ഇന്ന് പൂനെയില്‍ ബ്ലാസ്റ്റേഴ്സ് കളിക്കുന്നു-അഞ്ചാമത് മല്‍സരം. കഴിഞ്ഞ മല്‍സരത്തില്‍ മുംബൈയെ ഒരു ഗോളിന് പരാജയപ്പെടുത്തിയ ടീമിന് ഇന്ന് മാത്രമല്ല ഇനിയുള്ള കളികളെല്ലാം നിര്‍ണായകമാണ്. പിന്‍നിരയില്‍ ആരോണ്‍ ഹ്യൂസൂം മധ്യനിരയില്‍ ഹോസു പ്രിറ്റോയും മുന്‍നിരയില്‍ മുഹമ്മദ് റാഫിയും വന്നതോടെ സ്വതന്ത്ര ചുമതല ലഭിച്ച മൈക്കല്‍ ചോപ്രയുമാവുമ്പോള് ആത്മവിശ്വാസത്തോടെ കളിക്കാം.