‘മോദി സര്‍ക്കാരിനെപ്പോലെ മുസ്ലിങ്ങളെ പരിഗണിച്ച വേറെ സര്‍ക്കാറുണ്ടോ?’

ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് മുസ്ലിങ്ങളുടെ ക്ഷേമത്തിനുവേണ്ടി രണ്ടാം എന്‍ ഡി എ സര്‍ക്കാരിനെപ്പോലെ ഇത്രയധികം പ്രവര്‍ത്തിച്ച മറ്റൊരു സര്‍ക്കാര്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടാവില്ല. പലപ്പോഴും മറ്റുസമുദായങ്ങളുടെ കാര്യത്തില്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ല എന്നുതന്നെ പറയാം.

അധികാരത്തില്‍ കയറി ഉടനെ ട്രിപ്പിള്‍ തലാഖ് നിരോധിക്കുന്ന ബില്‍ കൊണ്ടുവന്നു. സുപ്രീം കോടതി നേരത്തെ നിരോധിച്ചെങ്കിലും ഒരു മുസ്ലിം പെന്കുട്ടിയ്ക്കും നീതി നിഷേധിക്കപ്പെടരുത് എന്ന് ആ ബില്ലോടെ സര്‍ക്കാര്‍ ഉറപ്പാക്കി. ഭര്‍ത്താവുപേക്ഷിച്ചുപോകുന്ന മറ്റൊരു മതവിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ക്കും ഈ സംരക്ഷണം ഉണ്ടോയെന്നുപോലും സര്‍ക്കാര്‍ അനേഷിച്ചില്ല; പക്ഷെ അവര്‍ക്കു കിട്ടാത്ത ഒരു സംരക്ഷണം മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഉറപ്പാക്കി.

അതിനുശേഷം ആസ്സാമില്‍ എന്‍ ആര്‍ സി പൂര്‍ത്തിയാക്കി. മിക്കവാറും മുസ്ലിങ്ങളുടെ പൗരത്വ പ്രശ്‌നം തീര്‍ന്നു. എന്നാല്‍ മറ്റുസമുദായത്തില്‍പെട്ടവരോ…പത്തൊന്‍പതുലക്ഷം പൗരത്വ ഹീനരില്‍ മുക്കാലെ മുണ്ടാണിയും അവരാണ്.

അതിനുശേഷം ജമ്മുകശ്മീരിന്റെ വികസനം തടയുന്ന ആര്‍ട്ടിക്കിള്‍ 370 ന്റെ പല്ലും നഖവും കൊഴിച്ചു കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കൃഷ്ണമണിയായി, നേരിട്ടുള്ള മേല്‌നോട്ടത്തിലാക്കി. ഇനി പരമ വൈഭവത്തിലേക്കു കുതിക്കുന്ന ഭാരതത്തിന്റെ കുന്തമുനയായി കാശ്മീരുണ്ട്. കാശ്മീരി പണ്ഡിറ്റുകള്‍ ഇപ്പോഴും ഡല്‍ഹിയില്‍ തണുപ്പത്ത് അലയുകയാണ് എന്നോര്‍ക്കുക. അല്ലെങ്കിലും അവരുടെ കാര്യത്തില്‍ ആര്‍ക്കാണ് ശ്രദ്ധ?

അതിനുശേഷം ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമം വരുന്നു. നമ്മുടെ നാട്ടിലെ മുസ്ലിങ്ങള്‍ക്ക് കിട്ടുന്ന പലതരത്തിലുള്ള ആനുകൂല്യങ്ങളും പറ്റുന്നത് ബംഗഌദേശില്‌നിന്നും വന്ന മുസ്ലിങ്ങളാണ് എന്ന ആരോപണം പലപ്പോഴായി ഉണ്ട്. അത് ഇതോടെ നിര്‍ത്തലാക്കും. അവരെയൊക്കെ ഒന്നുകില്‍ തൂക്കി വെളിയിലിടും, അല്ലെങ്കില്‍ പിടിച്ചകത്തിടും. എന്നാല്‍ പുറത്തുനിന്നും വരുന്നവര്‍ക്കുവേണ്ടി മറ്റു സമുദായങ്ങള്‍ അവരുടെ ആനുകൂല്യങ്ങള്‍ വീതം വയ്‌ക്കേണ്ടിവരും. ആര്‍ക്കാണ് നേട്ടം?

ഇതിലും കഷ്ടമായിരുന്നു മറ്റു ജനവിഭാഗങ്ങളോടുള്ള ഒന്നാം എന്‍ ഡി എ സര്‍ക്കാരിന്റെ നിലപാട്. നോട്ടുനിരോധിച്ചു ഒരുവിധം പാവപ്പെട്ടവനെയോക്കെ നെട്ടോട്ടവും കുറിയോട്ടവും ഓടിച്ചു; അസംഘടിത മേഖലയില്‍, കാര്‍ഷികവൃത്തിയില്‍ ഒക്കെ ഏര്‍പ്പെട്ടിരുന്ന മിക്കവാറും ഇന്ത്യക്കാര്‍ ഒരു രാത്രി കൊണ്ട് തെണ്ടികളായി. അതേസമയം പാകിസ്ഥാനില്‍നിന്നു അഞ്ചു കണ്ടെയ്‌നറില്‍ കള്ളനോട്ടിറക്കിയവനൊക്കെ മൊത്തം മാറിയെടുത്തു. ആര്‍ക്കുപോയി?

അതിനുശേഷം ജി എസ ടി നടപ്പാക്കി; സംഘടിതചെറുകിട വ്യവസായ സാമ്പത്തിക രംഗം കുട്ടിച്ചോറാക്കി. രണ്ടു നയങ്ങളുടെയും ഫലം ഇക്കൂട്ടര്‍ അനുഭവിച്ചുവരുന്നേയുള്ളൂ: തൊഴിലില്ലായ്മ ചരിത്രത്തില്‍ ഇല്ലാത്തവണ്ണം ഉയര്‍ന്നു; ഇക്കണോമി അടുത്തകാലത്തെങ്ങുമില്ലാത്തപോലെ താണു. (ഉള്ളതുതന്നെ എത്ര ശരിയാണെന്നു സര്‍ക്കാരിന് തന്നെ സംശയമുണ്ട്). െ്രെപമറി വിദ്യാഭ്യാസത്തിനുള്ള പണം വെട്ടിക്കുറയ്ക്കുന്നു എന്നാണ് ഇപ്പോള്‍ അവസാനമായി കേള്‍ക്കുന്നത്; അടുത്ത തലമുറ പോലും രക്ഷപ്പെടരുത്.

ഇത്രെയൊക്കെയേ ചെയ്തുള്ളൂ.
എന്നിട്ടും ന്യൂനപക്ഷവിരുദ്ധര്‍ എന്ന വിളിയാണ് ബാക്കി.

ചങ്കെടുത്തുകാണിച്ചാലും ചെമ്പരത്തിപ്പൂവ് എന്ന് പറയുന്നവര്‍ക്ക് ഇനിയും പറയാം.

ന്യൂനപക്ഷസംരക്ഷണത്തിനുവേണ്ടിയുള്ള പരിശ്രമങ്ങളില്‍ നിന്ന് ഈ സര്‍ക്കാരിനെ തടയാന്‍ ഒരുത്തനും കഴിയില്ല.

നിങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ക്കൊപ്പം
നിങ്ങളില്ലെങ്കില്‍ നിങ്ങളില്ലാതെ
നിങ്ങളെതിര്‍ത്താല്‍ നിങ്ങളെയും എതിര്‍ത്ത്

ജയ് മാഹിഷ്മതി.

SHARE